ദേശീയ സെമിനാറും പുസ്തക പ്രകാശനവും
1493326
Wednesday, January 8, 2025 2:15 AM IST
പാലാ: സെന്റ് തോമസ് കോളജ് ഓട്ടോണമസിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഹിന്ദി ബിരുദാനന്തര ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവര്‍ത്തനവും ദേശീയോദ്ഗ്രഥനവും എന്ന വിഷയത്തില്‍ സെമിനാറും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു. മധ്യപ്രദേശിലെ ഇൻഡോര്‍ യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റി, സാഹിത്യ സാംസ്കാരിക സംഘടനയായ ഭാഷാ സമന്വയവേദി, കോളജിലെ പബ്ലിക്കേഷന്‍, ഹിന്ദി, മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളുടെ സഹകരണത്തോടെയായിരുന്നു സെമിനാർ.
കോളജ് മാനേജര്‍ മോണ്‍. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. മധ്യപ്രദേശ് കഥകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകം പ്രകാശനം ചെയ്തു. മധ്യപ്രദേശിലെ 27 കഥാകൃത്തുക്കളുടെ കഥകള്‍ കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിലും കോളജുകളില്‍ നിന്നുള്ള അധ്യാപകരും സാഹിത്യ പ്രവര്‍ത്തകരും ചേര്‍ന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് മധ്യപ്രദേശ് കഥകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകമാണിത്.
പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് അധ്യക്ഷത വഹിച്ചു. ഡോ. പുഷ്പേന്ദ്ര ദുബെ, ഡോ. ആര്‍സു, സോക്രട്ടീസ് കെ. വാലത്ത്, കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാല്‍വിന്‍ കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഡോ. തോമസ് വി. മാത്യു, ഡോ. സോജന് പുല്ലാട്ട്, ഡോ. ജോബി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം എംജി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. ജോജി അലക്സ് ഉദ്ഘാടനം ചെയ്തു. സെമിനാറില്‍ പങ്കെടുത്തവര്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.