സ്പിൽവേ ഷട്ടറുകൾ പൂർണമായി അടയുന്നില്ല; കരിയാറിൽ ഓരുജലം കയറുന്നു
1493257
Tuesday, January 7, 2025 7:18 AM IST
ടിവിപുരം: കരിയാർ സ്പിൽവേയുടെ ഷട്ടർ താഴ്ത്തിയിട്ടും അടിഭാഗത്തുകൂടി ഓരു വെള്ളം ചോർന്നിറങ്ങുന്നതായി പരാതി. ഷട്ടറിന്റെ അടിഭാഗത്ത് കനത്ത തോതിൽ പുല്ലും അവശിഷ്ടങ്ങളും തങ്ങിയതുകൊണ്ടാണ് ഷട്ടറുകൾ പൂർണമായി അടയാത്തതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വേമ്പനാട്ടുകായലിൽ വേലിയേറ്റം വർധിച്ചതോടെ കരിയാറിന്റെ ഇരുകരകളിലേയും വീടുകളിൽ വെള്ളം കയറിയിരുന്നു.
ഓരുജലം കയറുന്നത് നെൽകൃഷിക്കും, വാഴ, കപ്പ, പച്ചക്കറി, ജാതി തുടങ്ങിയ ഇടവിളകൾക്കും നാശം വരുത്തുമോയെന്ന ആശങ്കയിലാണ് കർഷകർ. ഓരുജലം തടയുന്നതിനായി വെച്ചൂർ, തലയാഴം, ടിവിപുരം, വൈക്കം നഗരസഭ പരിധികളിൽ ഓരുമുട്ട് സ്ഥാപിച്ചിരുന്നു. ഉദയനാപുരം- തലയോലപ്പറമ്പ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വാഴമന മുട്ടുങ്കലിൽ ഓരുമുട്ട് സ്ഥാപിക്കുന്നതിനുള്ള നടപടി ഇനിയും ആരംഭിച്ചിട്ടില്ല.
വേലിയേറ്റത്തെ തുടർന്ന് ഓരുവെള്ളം കയറി മറവൻതുരുത്ത് പഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശങ്ങളായ തറവട്ടം, മേക്കര, ചെമ്മനാകരി, പഞ്ഞിപ്പാലം തുടങ്ങിയ ഇടങ്ങളിലെ നൂറിലധികം വീടുകൾ വെള്ളക്കെട്ട് ദുരിതത്തിലായി. ഉദയനാപുരം പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ രണ്ടു മാസത്തോളം പ്രായമായ നെൽച്ചെടികളാണുള്ളത്. ഡിസംബർ പകുതിയോടെ ഉപ്പുവെള്ളം കയറാതിരിക്കാൻ കണിയാംതോട്, തേനാമിറ്റം എന്നിവിടങ്ങളിൽ ഓരുമുട്ട് സ്ഥാപിക്കാറുണ്ടെങ്കിലും ഇതുവരെ മുട്ട് സ്ഥാപിച്ചിട്ടില്ല.
കരിയാർ സ്പിൽവേയുടെ ഷട്ടറുകൾ ഓരുജലം കടക്കാത്ത വിധത്തിൽ അടയ്ക്കുന്നതിനും ശേഷിക്കുന്ന ഓരുമുട്ടുകൾ സ്ഥാപിക്കുന്നതിനും അധികൃതർ നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.