ഒരു വയസുകാരി ദക്ഷയ്ക്ക് രക്ഷകരായി ബിജുക്കുട്ടനും ശരത്തും
1493507
Wednesday, January 8, 2025 6:42 AM IST
ഏറ്റുമാനൂർ: ഒരു വയസുകാരി ദക്ഷയ്ക്ക് സ്വകാര്യ ബസ് ജീവനക്കാരായ ബിജുക്കുട്ടനും ശരത്തും രക്ഷകരായി. ദേവമാത ബസിൽ യാത്ര ചെയ്യുമ്പോൾ അബോധാവസ്ഥയിലായ ദക്ഷയുമായി നഗരത്തിലൂടെ അതിവേഗം പാഞ്ഞ് ബസിലെ ഡ്രൈവർ ബിജുക്കുട്ടനും കണ്ടക്ടർ ശരത്തും നടത്തിയത് അത്യപൂർവമായ ജീവൻ രക്ഷാ പ്രവർത്തനമാണ്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. പൊൻകുന്നം സ്വദേശി കിഷോറും ഭാര്യ ഇന്ദുവും ദക്ഷയെയും കൂട്ടി മെഡിക്കൽ കോളജിലെ ദന്തൽ കോളജിൽ പോയതാണ്. ചികിത്സ കഴിഞ്ഞ് മടങ്ങാനാണ് കുറുപ്പന്തറ-ഏറ്റുമാനൂർ-മെഡിക്കൽ കോളജ്-കോട്ടയം റൂട്ടിൽ ഓടുന്ന ദേവമാത ബസിൽ കയറിയത്.
ബസ് നാഗമ്പടത്തിനു സമീപമെത്തിയപ്പോഴാണ് ദക്ഷയ്ക്ക് അനക്കമില്ലെന്ന വിവരം ഇന്ദു കിഷോറിനോടു പറയുന്നത്. ബസിൽ യാത്ര ചെയ്തിരുന്ന മെഡിക്കൽ കോളജിലെ രണ്ടു നഴ്സുമാർ ശ്രമിച്ചിട്ടും കുട്ടിക്ക് അനക്കമില്ലാതെ വന്നതോടെ അപകടാവസ്ഥ ജീവനക്കാരെ അറിയിച്ചു.
കണ്ടക്ടർ ശരത്തിന്റെ നിർദേശത്തെത്തുടർന്ന് ഡ്രൈവർ ബിജുക്കുട്ടൻ നടത്തിയത് ജീവന്മരണ പോരാട്ടമാണ്. വൺവേ തെറ്റിച്ച് കോട്ടയം നഗരത്തിലൂടെ അതിവേഗം പാഞ്ഞു കുട്ടിയെ കോട്ടയം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കൃത്യസമയത്ത് എത്തിക്കാൻ സാധിച്ചതുകൊണ്ട് ദക്ഷയുടെ ജീവൻ രക്ഷിക്കാനായി.
ബസിലെ യാത്രക്കാരും ജീവനക്കാരോടു സഹകരിച്ചു. ജില്ലാ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകിയശേഷം കുട്ടിയെ ഗാന്ധിനഗർ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ദക്ഷയുടെ മാതാപിതാക്കൾ ഇന്നലെ ബിജുക്കുട്ടനെയും ശരത്തിനെയും വിളിച്ച് നന്ദിയറിയിച്ചു.