ചകിണിയാങ്കല്, പൂവേലിക്കുന്ന് നിവാസികള്‍ക്ക് ആശ്വസിക്കാം : മാളോലക്കടവില്‍ പാലം നിര്‍മാണം ആരംഭിച്ചു
1493513
Wednesday, January 8, 2025 6:53 AM IST
കൊഴുവനാല്‍: ചകിണിയാങ്കല്, പൂവേലിക്കുന്ന് നിവാസികള്‍ക്ക് ആശ്വസമായി മാളോലക്കടവില്‍ പാലം നിര്‍മാണം ആരംഭിച്ചു. പ്രദേശവാസികളുടെ ദീര്‍ഘകാല സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്.
മേവട-ചകിണിയാങ്കല് റോഡില്‍ മാളോലക്കടവില്‍ പാലമില്ലാതെ നൂറുക്കണക്കിന് കുടുംബങ്ങള്‍ കാലങ്ങളായി യാത്രാക്ലേശം അനുഭവിക്കുകയായിരുന്നു. മേവട വലിയതോടിന് കുറുകെ ആദ്യ കാലത്ത് ചെറിയ നടപ്പാലവും പിന്നീട് ചപ്പാത്തും നിര്‍മിച്ചെങ്കിലും വാഹന ഗതാഗതം സാധ്യമായിരുന്നില്ല.
മേവടയിൽനിന്നു മാളോലക്കടവില്‍ എത്തിയ ശേഷം രണ്ടായി തിരിഞ്ഞ് പൂവേലിക്കുന്നിലേക്കും ചകിണിയാങ്കലേക്കും മൂന്നു കിലോമീറ്റര്‍ നീളമുള്ള റോഡാണിത്. ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍, പഞ്ചായത്തംഗം മഞ്ജു ദിലീപ് എന്നിവരുടെ നേതൃത്തില്‍ മാണി സി. കാപ്പന് എംഎല്‍എയ്ക്ക് നല്കിയ നിവേദനത്തെത്തുടര്‍ന്ന് 65 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.
പത്തു മീറ്റര്‍ നീളവും അഞ്ചു മീറ്റര്‍ വീതിയുമുള്ള പാലം കൊഴുവനാല്‍ പഞ്ചായത്തിലെ മൂന്നും അഞ്ചും വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാണി സി. കാപ്പന് എംഎല്‍എ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജോസി പൊയ്കയില്‍, ഡോ. ദിവാകരന് നായര്‍, ഡോ. ശ്രീകുമാര്‍ പുതിയിടത്ത്, പഞ്ചായത്ത് മെംബര്‍മാരായ മഞ്ജു ദിലീപ്, നിമ്മി ട്വിങ്കിള്‍ രാജ്, പി.സി. ജോസഫ്, തോമസ് മാത്യു, കെ.ആര്. ഗോപി, സ്മിത വിനോദ്, ആനീസ് കുര്യന്, രമ്യ രാജേഷ്,
ആലീസ് ജോയി, മെര്‍ലി ജയിംസ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ബാബു കെ. ജോര്‍ജ്, കെ.ജെ. ദേവസ്യ, മാനുവല്‍ നെടുമ്പുറം, ടി.ആര്. വേണുഗോപാല്‍, ജി. അനീഷ്, രാജേഷ് കിഴക്കേറ്റ് എന്നിവര്‍ പ്രസംഗിച്ചു.