ക്രിസ്തുജയന്തി ജൂബിലി വര്‍ഷം: ചെത്തിപ്പുഴ ആശുപത്രിയില്‍ ഏഴ് സൗജന്യ ആരോഗ്യ പദ്ധതികള്‍
1493263
Tuesday, January 7, 2025 7:18 AM IST
ചങ്ങനാശേരി: ക്രിസ്തുജയന്തി 2025 ജൂബിലിയുടെ ഭാഗമായി ഏഴ് സൗജന്യ ആരോഗ്യ പദ്ധതികള്‍ പ്രഖ്യാപിച്ച് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി. ജൂബിലി വര്‍ഷത്തില്‍ 365 ഡയാലിസിസും 36 വേരികോസ് വെയിന്‍ സര്‍ജറികളും സൗജന്യമായി ലഭ്യമായിരിക്കും.
ദിവസേന രണ്ട് മെഡിക്കല്‍ രോഗികള്‍ക്കും ഒരു സൈക്യാട്രിക് രോഗിക്കും ആവശ്യമായ ചികിത്സ സൗജന്യമായി നല്‍കുന്നതാണ്. ഉന്നത നിലവാരമുള്ള പ്രസവ ചികിത്സ കുറഞ്ഞ നിരക്കില്‍ സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ താരാട്ട് പദ്ധതിക്കും തുടക്കമായി. ഈ പദ്ധതിയുടെ ഭാഗമായി സാധാരണ പ്രസവത്തിന് 14,800 രൂപ മാത്രമാണ് ചെലവ് വരുന്നത്. നിബന്ധനകള്‍ക്ക് വിധേയമായി നാലാമത്തെ പ്രസവത്തിന്റെ മുഴുവന്‍ ചെലവുകളും സൗജന്യമായിരിക്കും.
ജനറല്‍ വാര്‍ഡില്‍ അഡ്മിറ്റാകുന്ന രോഗികള്‍ക്ക് സൗജന്യഭക്ഷണം നല്‍കും. ഈ സൗജന്യ പദ്ധതികള്‍ ജൂബിലി വര്‍ഷം മുഴുവന്‍ തുടരും. പദ്ധതികളുടെ ഉദ്ഘാടനം അതിരൂപത വികാരി ജനറാൾ മോണ്‍. ആന്റണി എത്തയ്ക്കാട്ട് നിര്‍വഹിച്ചു.
നല്ല ചികിത്സ സാധാരണക്കാരായ ജനങ്ങള്‍ക്കും ലഭ്യമാകണമെന്ന ലക്ഷ്യത്തോടെ യാണ് ഈ കാരുണ്യ പദ്ധതികള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അറിയിച്ചു. സൗജന്യ ആരോഗ്യ പദ്ധതികളെക്കുറിച്ച് കൂടുതല്‍ അറിയുവാനായി 04812722100 എന്ന നമ്പറില്‍ ബന്ധപ്പെടുക.