വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍
1493645
Wednesday, January 8, 2025 10:45 PM IST
രാമപുരം: വിദേശജോലി വാഗ്ദാനം ചെയ്ത് സഹോദരങ്ങളില്‍നിന്നും 81,300 രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി തെന്നല പുതുപ്പറമ്പുകാട്ടില് ഷറഫുദീനെ (34) യാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. 2024 നവംബര്‍ മാസം മുതല്‍ പല തവണയായി വെളിയന്നൂര്‍ സ്വദേശിയായ യുവാവിന് ദുബായിലെ കമ്പനിയില്‍ ജോലിയും ഇയാളുടെ സഹോദരിക്കു നഴ്സിംഗ് ജോലിയും വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരുടെ അക്കൗണ്ടില്‍നിന്നും ഗൂഗിള്‍ പേ വഴി ഷറഫുദീന്റെ അക്കൗണ്ടിലേക്ക് 81,300 രൂപ വാങ്ങുകയായിരുന്നു.
തുടര്‍ന്ന് സഹോദരങ്ങള്‍ക്ക് ജോലി നല്‍കാതെയും പണം തിരികെ നല്‍കാതെയും ഇവരെ കബളിപ്പിക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട്, പള്ളിക്കത്തോട്, കൂത്താട്ടുകുളം എന്നീ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ സമാനമായ നിരവധി പരാതികള്‍ ഉള്ളതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.