വന്യജീവി ആക്രമണം ഫലപ്രദമായി തടയണം: കത്തോലിക്ക കോണ്‍ഗ്രസ്
1493321
Wednesday, January 8, 2025 2:15 AM IST
പാലാ: വന്യജീവി ആക്രമണം തടയുന്നതിന് ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും മനുഷ്യരെയും കൃഷിയെയും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതി മുണ്ടാങ്കല്‍ പോസ്റ്റ്ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. രൂപത ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേൽ ധര്‍ണ ഉദ്ഘാടനം ചെയ്തു.
മനുഷ്യരേക്കാള്‍ മൃഗങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഭരണകൂട നിലപാട് മാറ്റിയില്ലെങ്കില്‍ ശക്തമായ ബഹുജനപ്രക്ഷോഭം ആരംഭിക്കുമെന്നും ദിനംപ്രതി വന്യജീവി ആക്രമണത്തില്‍ ആളുകള്‍ മരിക്കുന്നത് അത്യന്തം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. വന്യജീവി ആക്രമണം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധിരീ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ഫാ. ജോര്‍ജ് പഴേപറമ്പില്‍, ജോസ് വട്ടുകുളം, ആന്‍സമ്മ സാബു, ജോയി കണിപറമ്പില്‍, ജോണ്സന് മാത്യു, ബെന്നി കിണറ്റുകര, രാജേഷ് പാറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.