സെന്റ് ഡൊമിനിക്സിൽ മെറ്റീരിയൽ സയൻസ് രാജ്യാന്തര സെമിനാർ
1493642
Wednesday, January 8, 2025 10:45 PM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജിന്റെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ചു നടക്കുന്ന രാജ്യാന്തര ശാസ്ത്ര സമ്മേളനം ഐസിഎഎം-2025 ഇന്ന് ആരംഭിക്കും. മെറ്റീരിയൽ സയൻസ് എന്ന നൂതന ശാസ്ത്ര വിഷയത്തിൽ ഊന്നി നടക്കുന്ന ഈ കോൺഫറൻസിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞരും ഗവേഷകരും വിദ്യാർഥികളും പങ്കെടുക്കും.
ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയൻസ് ഡയറക്ടർ ഡോ.സി.എച്ച്. സുരേഷ് കോൺഫറൻസിന്റെ ഉദ്ഘാടനം നിർവഹിക്കും. ട്രിവാൻഡ്രം എൻജിനിയറിംഗ് ആൻഡ് ടെക്നോളജി റിസർച്ച് പാർക്ക് ഡയറക്ടറും മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. സാബു തോമസ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. കോളജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് ഉദ്ഘാടനസമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. പ്രഫ. അജയൻ വിനു- ന്യൂ കാസ്റ്റിൽ യൂണിവേഴ്സിറ്റി, ഓസ്ട്രേലിയ, പ്രഫ. രമൺ സിംഗ് - മോണാഷ് യൂണിവേഴ്സിറ്റി, ഓസ്ട്രേലിയ, പ്രഫ. ഹെൻട്രി- എലിം ഇന്തോനേഷ്യ, ഡോ. ഫ്രാങ്ക്ലിൻ ഗ്രിഗറി - പോളണ്ട്, ഡോ. അജയഘോഷ്, ഡോ.ഇ.കെ. രാധാകൃഷ്ണൻ - സ്കൂൾ ഓഫ് സയൻസസ്, കോട്ടയം തുടങ്ങി മെറ്റീരിയൽ സയൻസിൽ ലോകത്തിലെതന്നെ വിഖ്യാത ഗവേഷകർ ഈ പരിപാടിയുടെ ഭാഗമാകും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 140 ഓളം ഗവേഷക പ്രബന്ധങ്ങളാണ് രണ്ടു നാൾ നീണ്ടുനിൽക്കുന്ന ഈ രാജ്യാന്തര സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുക. കോൺഫറൻസിലെ ഏറ്റവും മികച്ച പ്രസന്റേഷനും പോസ്റ്ററിനും പ്രത്യേക അവാർഡ് ഉണ്ടായിരിക്കും. അമേരിക്കയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് ആണ് പരിപാടിയുടെ പബ്ലിക്കേഷൻസ് സ്പോൺസർ.
ആധുനിക വ്യവസായ മേഖലയിൽ വമ്പിച്ച മാറ്റങ്ങൾക്കു വഴി തുറക്കുന്ന നവീന ഗവേഷണ മേഖലയാണ് മെറ്റീരിയൽ സയൻസസ്. പുതിയതരം സെമി കണ്ടക്ടറുകൾ, മികച്ച രീതിയിൽ വൈദ്യുതി കടത്തിവിടുന്ന ചാലകവസ്തുക്കൾ, സൂര്യപ്രകാശത്തിൽ മങ്ങാത്ത പെയിന്റുകൾ തുടങ്ങിയ വ്യാവസായിക മേഖലയിൽ മെറ്റീരിയൽ സയൻസ് വഹിക്കുന്ന പങ്ക് നിരവധിയാണ്. ലോകമെമ്പാടുമുള്ള ശാസ്ത്ര ഗവേഷകർക്കൊപ്പം വ്യവസായ ലോകവും കണ്ണുനട്ടിരിക്കുന്ന മേഖലയിലുള്ള ഒരു സുപ്രധാന സമ്മേളനമാണ് കാഞ്ഞിരപ്പള്ളിയിൽ നടക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
കോളജ് മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ, ബർസാർ റവ.ഡോ. മനോജ് പാലക്കുടി, കോൺഫറൻസ് കൺവീനർ ഡോ.ആർ.ഡി. അരുൺ രാജ്, ഡോ. റാണി അൽഫോൻസാ ജോസ്, ഡോ. ജെസ്ബി ജോർജ്, ഡോ.എസ്. പ്രശാന്ത് കുമാർ, ഡോ. ജ്യോതി എബ്രാം എന്നിവർ നേതൃത്വം നൽകും.