സെന്റ് ആന്റണീസ് എല്‍പി സ്കൂളിലെ ഭക്ഷ്യമേളയും പഠനോപകരണ പ്രദര്‍ശനവും കുറുമ്പനാടത്തിന് ഉത്സവമായി
1493516
Wednesday, January 8, 2025 6:53 AM IST
കുറുമ്പനാടം: കാഴ്ചയുടെയും രുചിയുടെയും വിസ്മയം വിതറി സെന്റ് ആന്റണീസ് എല്‍പി സ്കൂളിലെ പ്രദര്‍ശനമേള. കുട്ടികള്‍ സ്വന്തമായി തയാറാക്കിയ ഭക്ഷ്യമേളയും പ്രദര്‍ശനവുമാണ് വൈവിധ്യം കൊണ്ട് സമൂഹ ശ്രദ്ധ നേടിയത്. സ്കൂള്‍ വളപ്പില്‍ വിളഞ്ഞ കപ്പ പറിച്ചെടുത്ത് തയാറാക്കിയ വിഭവങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളുമാണ് രുചിയുടെ ലോകം തുറന്നത്.
കൊട്ടയും ചട്ടിയും തവിയും പറയും മുറവും അരകല്ലും ഉരകല്ലും തേപ്പുപെട്ടിയുമെല്ലാം പ്രദര്‍ശനത്തില്‍ ഇടംപിടിച്ചു. രാവിലെ ആരംഭിച്ച പ്രദര്‍ശനം ചങ്ങനാശേരി എഇഒ കെ.എ. സുനിതയും ഭക്ഷ്യമേള മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പനും ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ റവ.ഡോ. ചെറിയാന് കറുകപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് ബിനു ജോയ്, അസിസ്റ്റന്റ് മാനേജര്‍ ഫാ. നിജോ വടക്കേറ്റത്ത്, പിടിഎ പ്രസിഡന്റ് ജോളി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ഭക്ഷ്യമേളയിൽ രുചിവിഭവങ്ങളായത് സ്കൂള്‍ വളപ്പില്‍ വിളഞ്ഞ കപ്പയും ചേമ്പും
കുട്ടികളുടെ ഇഷ്ട വിഭവങ്ങളായ നാടന്‍ കപ്പ ബിരിയാണിയും പഴംപൊരിയും ബീഫ് റോസ്റ്റും മേളയ്ക്ക് കൊഴുപ്പേകി. കഴിഞ്ഞ എട്ടു വര്‍ഷമായി സ്കൂള്‍വളപ്പിലെ അരയേക്കര്‍ സ്ഥലത്ത് അധ്യാപകരും കുട്ടികളും പ്രധാന അധ്യാപകനായ ബിനു ജോയിയുടെ നേതൃത്വത്തില്‍ ജൈവകൃഷി നടത്തിവരുന്നു.
കൃഷിയിലൂടെ ശീതകാല വിളകളായ കാബേജ്, കോളിഫ്ളവര്‍, കാരറ്റ്, ബ്രോക്കോളി, ബീറ്റ്റൂട്ട് എന്നിവയും പയര്‍, പാവല്‍, പടവലം, വെണ്ട, പച്ചമുളക്, വഴുതന, തക്കാളി, മരച്ചീനി, ചേമ്പ്, ചേന, കാച്ചില് എന്നിവയും വിളയിക്കുന്നത് നാട്ടില്‍ പ്രസിദ്ധമാണ്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനായി ഇവയെല്ലാം നിലവില്‍ ഉപയോഗിക്കുന്നുണ്ട്.