ഈ കുഴിയിൽ ഒതുങ്ങുമോ ചാമപ്പാറ വളവിലെ സുരക്ഷ...?
1493336
Wednesday, January 8, 2025 2:39 AM IST
മുണ്ടക്കയം ഈസ്റ്റ്: പതിവായി അപകടങ്ങൾ നടക്കുന്ന കൊടുക്കുത്തിക്ക് സമീപത്തെ ചാമപ്പാറ വളവിൽ ക്രാഷ് ബാരിയർ സ്ഥാപിക്കാൻ കുഴിയെടുത്തിട്ട് ആഴ്ചകൾ പിന്നിടുന്നു. ദേശീയപാതയിൽ മുപ്പത്തഞ്ചാംമൈലിനും പെരുവന്താനത്തിനുമിടയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ചാമപ്പാറ വളവ്.
മുൻ വർഷങ്ങളിൽ തീർഥാടന വാഹനമടക്കം വളവിൽനിന്നു നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി ജീവനുകളും പൊലിഞ്ഞിട്ടുണ്ട്. ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾ കൊടുംവളവിൽ നിയന്ത്രണം നഷ്ടമായി കൊക്കയിലേക്ക് മറിയുകയാണ് ചെയ്യുന്നത്. നിരവധിത്തവണ സമീപത്തെ വീടുകളിലേക്കും വാഹനം ഇടിച്ചു കയറി അപകടം സംഭവിച്ചിട്ടുണ്ട്.
അപകടം പതിവായതോടെ ദേശീയപാതാ വിഭാഗം വർഷങ്ങൾക്കു മുമ്പ് റോഡിന്റെ വശങ്ങളിൽ കരിങ്കല്ലുകൾ കൂട്ടിയിട്ട് സുരക്ഷ ഒരുക്കി. കാലങ്ങൾ പിന്നിട്ടതോടെ ഓരോ തവണ അപകടങ്ങൾ ഉണ്ടാകുമ്പോഴും കൂടിക്കിടക്കുന്ന കരിങ്കല്ലുകൾ സമീപത്തെ കുഴിയിലേക്ക് പതിക്കും. മാസങ്ങൾക്കു മുമ്പ് ഇവിടെ സുരക്ഷയ്ക്കായി കൂട്ടിയിട്ടിരിക്കുന്ന കരിങ്കൽ കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി അപകടം ഉണ്ടായിരുന്നു. ഇതോടെ ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. എന്നാൽ, ഇതിന്റെ തൂണുകൾ നാട്ടാൻ കുഴിയെടുത്തതല്ലാതെ തുടർനടപടികൾ ഒന്നുമുണ്ടായിട്ടില്ല.
മകരവിളക്ക് സീസൺ ആരംഭിച്ചതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം ആയിരക്കണക്കിന് വാഹനങ്ങളാണ് ഓരോ ദിവസവും ഇതുവഴി കടന്നു പോകുന്നത്. ഇതോടെ വാഹനാപകടങ്ങളുടെ എണ്ണവും വർധിച്ചു. എന്നാൽ, ചാമപ്പാറ വളവിൽ സുരക്ഷ ഒരുക്കാൻ അധികൃതർക്ക് ഇതുവരെ ആയിട്ടില്ല. കഴിഞ്ഞ ദിവസം പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ് നാലുപേർ മരിച്ചിരുന്നു.
റോഡിന്റെ വശത്ത് ക്രാഷ് ബാരിയർ ഉണ്ടായിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കുവാൻ സഹാ യിച്ചു. ചാമപ്പാറ വളവിലും അടിയന്തരമായി ക്രാഷ് ബാരിയറുകൾ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.