മുത്തോലിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം നിര്‍ദേശിച്ച് മന്ത്രി റോഷി
1493649
Wednesday, January 8, 2025 10:45 PM IST
തിരുവനന്തപുരം: മുത്തോലി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരവുമായി മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടല്‍. പഞ്ചായത്തിലെ പത്തോളം കുടിവെള്ളസമിതിക്ക് ആവശ്യമായ ജലം എത്തിക്കുന്നതിനായി നിലവിലുള്ള പദ്ധതികളില്‍നിന്ന് 5.5 കോടി രൂപ നീക്കിവയ്ക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. വാട്ടര്‍ അഥോറിറ്റിയും ജലനിധിയും സംയുക്തമായി ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. ജോസ് കെ. മാണി എംപി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പ്രശ്നപരിഹാരത്തിന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു.
പഞ്ചായത്തിലാകെ 45 വ്യത്യസ്ത ചെറുകിട കുടിവെള്ള പദ്ധതികളാണുള്ളത്. ഇതില്‍ 10 പദ്ധതികളിലാണ് ജലദൗര്‍ലഭ്യം നേരിടുന്നത്. ഈ സമിതികളില്‍ നാലെണ്ണത്തില്‍ കുടിവെള്ളം എത്തിക്കുന്നതിനായി ജലനിധിയെ മന്ത്രി ചുമതലപ്പെടുത്തി. ആവശ്യമായ വെള്ളം വാട്ടര്‍ അഥോറിറ്റി നിലവിലുള്ള ലൈനില്‍നിന്ന് ലഭ്യമാക്കും. ഇതു ടാങ്കുകളില്‍ എത്തിച്ച് വിതരണം ചെയ്യുന്നതിനുള്ള പദ്ധതി ജലനിധി നടപ്പിലാക്കും. ഇതിനായി നാലു സംപുകളും ആവശ്യമായ പൈപ്പ് ലൈനുകളും സ്ഥാപിക്കും. ജലം നേരിട്ട് വിതരണ ടാങ്കിലേക്ക് എത്തിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ഇടയ്ക്കുവച്ച് ജലം ശേഖരിച്ച് മെയിന്‍ ടാങ്കിലേക്കു പമ്പ് ചെയ്യുന്ന സംവിധാനം സംപ്.
ശേഷിക്കുന്ന ആറെണ്ണത്തിലേക്ക് വാട്ടര്‍ അഥോറിറ്റിയുടെ മെയിന്‍ ടാങ്കില്‍നിന്നാണ് ജലം എത്തിക്കേണ്ടത്. എന്നാല്‍ മുത്തോലി കടവില്‍ സ്ഥിത ചെയ്യുന്ന പ്ലാന്റില്‍നിന്ന് അള്ളുങ്കല്‍ക്കുന്ന് ടാങ്കിലേക്കുള്ള പമ്പിംഗ് മെയിന്‍ കാലപ്പഴക്കം മൂലം ഉപയോഗശൂന്യമായിരിക്കുന്ന സാഹചര്യമാണ് ഉള്ളത്. നാലു കോടി രൂപ ചെലവഴിച്ച് പഴയ ലൈന്‍ മാറ്റി പുതിയ ലൈന്‍ സ്ഥാപിച്ച് ജലവിതരണം സുഗമാക്കാനാണ് വാട്ടര്‍ അതോറ്റിയുടെ പദ്ധതി.
ഈ രണ്ടു പ്രവര്‍ത്തികളിലൂടെ മുത്തോലി പഞ്ചായത്തിലെ മുഴുവന്‍ കുടിവെള്ള പദ്ധതികളിലും മതിയായ ജലം എത്തിക്കാന്‍ കഴിയുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് വ്യക്തമാക്കി. മുത്തോലി പഞ്ചായത്തില്‍ നിന്ന് പ്രസിഡന്റ് രഞ്ജിത്ത് ജി., വൈസ് പ്രസിഡന്റ് ജയ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് രാജന് മുണ്ടമറ്റം, സമിതി ഭാരവാഹികളായ ഡോ. സാബു ഡി. മാത്യു, ഉല്ലാസ് സി.എസ്., മാത്തുക്കുട്ടി മാത്യു, ജോയി തോമസ് എന്നിവരുള്‍പ്പെടുന്ന സംഘവുമായും ഇതുമായി ബന്ധപ്പെട്ട് മന്ത്രി ചർച്ച നടത്തി.