കുമാരനല്ലൂര്‍ മേല്‍പാലം ജംഗ്ഷനിലും ചിങ്ങവനത്തും ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്നു
1493270
Tuesday, January 7, 2025 7:19 AM IST
കോട്ടയം: കോട്ടയം നഗരസഭാ പരിധിയിലെ അപകടമേഖലയായ രണ്ടു സ്ഥലങ്ങളില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ വരുന്നു. കുമാരനല്ലൂര്‍ മേല്‍പാലം ജംഗ്ഷനിലും ചിങ്ങവനത്തുമാണ് അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി സിഗ്നല്‍ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. 15 ലക്ഷം രൂപ ചെലവില്‍ ലൈറ്റുകളുടെ നിര്‍മാണ ജോലികളുടെ കരാര്‍ സ്വകാര്യ ഏജന്‍സിക്കു കൈമാറി.
രണ്ടിടത്തും അമിതവേഗത്തിലും നിയമംതെറ്റിച്ചും വാഹനങ്ങള്‍ സഞ്ചരിക്കുന്നത് നിയന്ത്രിക്കാന്‍ പലപ്പോഴും കഴിയാറില്ല. ഇതാണ് അപകടങ്ങള്‍ക്കു കാരണമാകുന്നത്. പലവിധത്തിലുള്ള പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും അപകടങ്ങള്‍ കുറയാതെ വന്നതോടെ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു 15ന് ലൈറ്റുകളുടെ നിര്‍മാണം ആരംഭിക്കും.
ചിങ്ങവനത്ത് പതിവായുണ്ടാകുന്ന ഗതാഗതക്കുരുക്കു പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി ബന്ധപ്പെട്ടവര്‍ക്കു നിവേദനം നല്‍കിയിരുന്നു. അപകടങ്ങള്‍ കുറയ്ക്കാന്‍ നാറ്റ്പാക് പഠനം നടത്തി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. ഗോമതിക്കവലയില്‍ ഉണ്ടായിരുന്ന ട്രാഫിക് സിഗ്നല്‍ ലൈറ്റ് വാഹനങ്ങള്‍ ഇടിച്ചു തകരുകയായിരുന്നു. കവലയിലെ ലൈറ്റ് മാറ്റി പ്രധാന ജംഗ്ഷനില്‍ പുതിയ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്നായിരുന്നു വ്യാപാരികള്‍ മുന്നോട്ടുവച്ച ആവശ്യം.
കോട്ടയം ഭാഗത്തുനിന്നെത്തുന്ന ബസുകളുടെ സ്റ്റോപ്പിന് സമീപം പനച്ചിക്കാട്ടേക്ക് പോകുന്ന റോഡിനു സമീപമാണ് കൂടുതല്‍ തിരക്ക്. ഈ റോഡിന് എതിര്‍വശത്താണ് ചന്തയിലേക്കുള്ള വഴി. രാവിലെയും വൈകുന്നേരവും ഇവിടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
വാഹനങ്ങൾ അലക്ഷ്യമായി സഞ്ചരിക്കുന്നതു മൂലം അപകടമേഖലയായി മാറിയിരിക്കുകയാണ് കുമാരനല്ലൂര്‍ മേല്‍പാലം ജംഗ്ഷന്.
റെയില്‍വേ മേല്‍പ്പാലത്തില്‍നിന്ന് എംസി റോഡിലേക്ക് വാഹനം പ്രവേശിക്കുന്ന ഭാഗത്താണ് അപകടങ്ങള്‍ കൂടുതലും ഉണ്ടാകുന്നത്. എംസി റോഡിലേക്കു പ്രവേശിക്കുന്നിടത്ത് മുന്നറിയിപ്പ് ബോര്‍ഡുകളോ വേഗനിയന്ത്രണ സംവിധാനങ്ങളോ ഇല്ല. ഗതാഗതം നിയന്ത്രിക്കാന്‍ ട്രാഫിക് പോലീസുമില്ല. ദിവസവും ഇവിടെ ചെറുതും വലുതുമായ അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവിടെയും നാറ്റ്പാക് റിപ്പോര്‍ട്ട് പ്രകാരമാണ് ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ ഫണ്ടില്‍നിന്ന് പണം അനുവദിച്ചാണ് സിഗ്നല്‍ലൈറ്റ് സ്ഥാിക്കുന്നത്.
എത്രയും വേഗം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. റോഡ് സുരക്ഷാ അഥോറിറ്റിയുടെ അനുമതിയോടെയാണ് സിഗ്നല്‍ലൈറ്റ് സ്ഥാപിക്കുന്നത്.