വലിച്ചെറിയല്‍മുക്ത പാതയോരങ്ങള്‍ പദ്ധതിക്കു ജില്ലയില്‍ തുടക്കം
1493342
Wednesday, January 8, 2025 2:39 AM IST
കോട്ടയം: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി വലിച്ചെറിയല്‍ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ നടപ്പാക്കുന്ന വലിച്ചെറിയല്‍ മുക്ത പാതയോരങ്ങള്‍ പദ്ധതിക്ക് തുടക്കമായി.
ജില്ലയില്‍ എംസി റോഡ്, കെകെ റോഡ് തുടങ്ങിയ പ്രധാന പാതയോരങ്ങള്‍ വലിച്ചെറിയല്‍ മുക്തമാക്കുകയാണ് ലക്ഷ്യം. ജില്ലാ രൂപീകരണത്തിന്റെ 75-ാംവാര്‍ഷികത്തില്‍ കുറഞ്ഞത് 75 ജംഗ്ഷനുകള്‍ സൗന്ദര്യവത്കരിക്കുന്ന പദ്ധതി ഇതോടൊപ്പം വിഭാവനം ചെയ്യുന്നു. പാഴ്വസ്തുക്കള് സ്ഥിരമായി വലിച്ചെറിയുന്ന സ്ഥലങ്ങള്‍ കണ്ടെത്തി അവിടം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.
ഓരോ ചെറിയ പ്രദേശത്തിന്റെയും ചുമതല തദ്ദേശസ്ഥാപന പരിധിയിലുള്ള സംഘടനകള്‍ക്കും ക്ലബ്ബുകള്ക്കുമായിരിക്കും. യുവജനകൂട്ടായ്മകള്‍, റസിഡന്‍സ് അസോസിയേഷന്, രാഷ്ട്രീയസംഘടനകള്‍, സര്‍വീസ്-തൊഴിലാളി സംഘടനകള്‍, എന്‍ജിഒകള്‍, കലാ-സാംസ്കാരിക സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക.
വലിച്ചെറിയല്‍മുക്ത പാതയോരങ്ങളുടെ ലോഗോ ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലും ചേര്‍ന്ന് പ്രകാശനം ചെയ്തു. മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 94467 00800 എന്ന വാട്ട്സ് ആപ്പ് നമ്പറില്‍ അറിയിക്കാം.