ട്രെയിന്‍ യാത്രയ്ക്കിടയില്‍ വീണു പരിക്കേറ്റയാളെ രക്ഷപ്പെടുത്തിയ സംഭവം: അവകാശവാദവുമായി ഗാന്ധിനഗര്‍ പോലീസ്
1493674
Thursday, January 9, 2025 12:01 AM IST
കോട്ടയം: ട്രെയിനില്‍നിന്നു വീണു പരിക്കേറ്റ ഇതരസംസ്ഥാനക്കാരനായ ശബരിമല തീര്‍ഥാടകനെ രക്ഷപ്പെടുത്തിയതില്‍ അവകാശവാദവുമായി ഗാന്ധിനഗര്‍ പോലീസും റെയില്‍വേ പോലീസും രംഗത്ത്.
ആന്ധ്രപ്രദേശില്‍നിന്നു ശബരിമല ദര്‍ശനത്തിനായി വന്ന ലക്ഷ്മണൻ (42) ആണ് യാത്രമ ധ്യേ കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയില്‍ ട്രെയിനില്‍നിന്നു തെറിച്ചുവീണത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ട്രെയിനില്‍നിന്നു വീണ യുവാവിന്റെ ലൊക്കേഷന്‍ കണ്ടെത്താന്‍ സഹയാത്രക്കാരുടെ സഹായത്തോടെ സാധിച്ചിരുന്നു. ഗാന്ധിനഗര്‍ പോലീസും റെയില്‍വേ പോലീസും സ്ഥലത്തെത്തി യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഇതിനുശേഷമാണ് രക്ഷപ്പെടുത്തിയത് സംബന്ധിച്ച് ആദ്യം റെയില്‍വേ പോലീസും പിന്നീട് ഗാന്ധിനഗര്‍ പോലീസും രംഗത്തെത്തിയത്.
കാര്യങ്ങള്‍ വിശദീകരിച്ചും ലക്ഷ്മണന് അപകടത്തില്‍പ്പെട്ടു കിടക്കുന്നതിന്റെ ചിത്രവുമുള്‍പ്പെടെ ഗാന്ധിനഗര്‍ എസ്എച്ച്ഒ ടി. ശ്രീജിത്ത് ഫേസ്ബുക്കില്‍ വിശദമായ പോസ്റ്റിടുകയും ചെയ്തു. ഇതോടെയാണ് സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസും ഇടപെട്ടിരുന്നെന്ന വിവരം പുറംലോകമറിയുന്നത്.
ഗാന്ധിനഗര്‍ പോലീസ് പറയുന്നത്. ഫോണ്‍ മുഖാന്തരം വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉടന്‍തന്നെ ഗാന്ധിനഗര്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയില്‍വേ ട്രാക്കുകളിലും സമീപത്തെ കുറ്റിക്കാടുകളിലും രാത്രിയില്‍ ടോര്‍ച്ചും മൊബൈല്‍ വെട്ടവും ഉപയോഗിച്ച് തെരച്ചില്‍ നടത്തിയാണ് അടിച്ചിറ റെയില്‍വേ ഗേറ്റില്‍നിന്ന് 400 മീറ്റര്‍ അകലെ റെയില്‍വേ ട്രാക്കുകള്‍ക്ക് നടുവിലായി തലയില്‍നിന്നു രക്തസ്രാവമുണ്ടായി അവശനിലയില്‍ ഇയാളെ കണ്ടെത്തിയത്.
തുടര്‍ന്നു പോലീസ് സംഘം ലക്ഷ്മണനെ സ്ട്രെച്ചറില്‍ എടുത്ത് റെയില്‍വേ ഗേറ്റിനുസമീപം എത്തിച്ച് ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച ലക്ഷ്മണനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഗാന്ധിനഗര്‍ സ്റ്റേഷന് എസ്എച്ച്ഒ ടി. ശ്രീജിത്ത്, എസ്ഐ അഭിലാഷ്, എഎസ്ഐ പത്മകുമാര്‍, സിപിഒമാരായ ദിലീപ് വര്‍മ, കിരണ്‍കുമാര്‍, മനീഷ്, ശ്രീനിഷ് തങ്കപ്പന്, ആര്. രതീഷ്, ഷമീം, കണ്ട്രോള് റൂം വാഹനത്തിലെ എഎസ്ഐ രാജേഷ്, സിപിഒ ജസ്റ്റിന് എന്നിവരാണ് പരിക്കുപറ്റിയ തീര്‍ഥാടകനെ രക്ഷപ്പെടുത്തിയത്.