മെഡി.കോളജ് മോർച്ചറി ഭാഗത്തെ റോഡരികിലെ ചങ്ങല വാഹനങ്ങൾക്കു ബുദ്ധിമുട്ടാകുന്നു
1493508
Wednesday, January 8, 2025 6:42 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറി ഭാഗത്ത് റോഡരികിൽ ചങ്ങല വലിച്ചു കെട്ടിയിരിക്കുന്നത് മൃതദേഹം കൊണ്ടുപോകാൻ വരുന്ന ആംബുലൻസുകൾ അടക്കമുള്ള വാഹനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു. മോർച്ചറിയിൽനിന്നു മൃതദേഹങ്ങൾ കൊണ്ടുപോകാൻ വരുന്ന വാഹനങ്ങൾക്ക് അരിക് ചേർത്ത് നിർത്തിയിടുന്നതിനാണ് ബുദ്ധിമുട്ടു നേരിടുന്നത്.
പോസ്റ്റ്മോർട്ടം വേണ്ടിവരുന്ന മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തികരിച്ചു ബന്ധുക്കൾക്ക് തിരിച്ചുകിട്ടാൻ ഏറെ സമയം എടുക്കും. ഈ സമയമത്രയും മൃതദേഹം കയറ്റാൻവരുന്ന വാഹനങ്ങൾ മോർച്ചറിക്ക് സമീപം കിടക്കേണ്ടി വരും.
നിലവിൽ അരിക് ചേർത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കാൻ ഇവിടെ തൂൺ സ്ഥാപിച്ച് ചങ്ങല കെട്ടിരിക്കുകയാണ്. ഇതേത്തുടർന്ന് മോർച്ചറിയിൽവരുന്ന വാഹനങ്ങൾ ആശുപത്രിയിൽനിന്നു പുറത്തേക്കു പോകാനുള്ള റോഡിലാണ് പാർക്ക് ചെയ്യുന്നത്.
മോർച്ചറിയിലെത്തുന്ന കൂടുതൽ വാഹനങ്ങൾ ഇവിടെ പാർക്കു ചെയ്യുമ്പോൾ ആശുപത്രിയിൽനിന്നു പുറത്തേക്ക് പോകേണ്ട മറ്റു വാഹനങ്ങൾക്കും കാൽനടക്കാരായ ആളുകൾക്കും ബുദ്ധിമുട്ടാകുന്നെന്നാണ് ആക്ഷേപം.