ഏറ്റുമാനൂര്‍ -വൈക്കം റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമില്ല
1493509
Wednesday, January 8, 2025 6:42 AM IST
കടുത്തുരുത്തി: വാഹനതിരക്കേറിയ ഏറ്റുമാനൂര്‍ -വൈക്കം റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമില്ല. തിരക്കുള്ള സമയങ്ങളില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ കുടുങ്ങി കിടക്കുകയാണ് ടൗണുകളും കവലകളും.
വാഹനങ്ങളുടെ അമിതവേഗവും അനധികൃത പാര്‍ക്കിംഗുമെല്ലാം കുരുക്കിനൊപ്പം അപകടങ്ങള്‍ക്കും കാരണമാകുന്നു. തിരക്കുള്ള സമയങ്ങളില്‍ റോഡ് മുറിച്ചു കടക്കാന്‍ യത്രക്കാര്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് പല ജംഗ്ഷനുകളിലും. കടുത്തുരുത്തി ഉള്‍പ്പെടെയുള്ള കവലകളിലെല്ലാം അറ്റം കാണാതെ നീളുന്ന വാഹനത്തിരക്കാണ് പലപ്പോഴും അനുഭവപ്പെടുന്നത്.
ഏറെസമയം കാത്തിരുന്നാലേ പലപ്പോഴും റോഡ് ക്രോസ് ചെയ്യാനാവൂയെന്നതാണ് പലയിടത്തെയും അവസ്ഥ. വാഹന പാര്‍ക്കിംഗിന് സൗകര്യങ്ങളില്ലാത്തതിനാലാണ് ആളുകള്‍ റോഡരികില്‍ തന്നെ വാഹനപാര്‍ക്കിംഗ് നടത്തുന്നത്.
തിരക്കേറിയ ഏറ്റുമാനൂര്‍ -വൈക്കം റോഡിലെ എല്ലാ പ്രധാനപ്പെട്ട ജംഗ്ഷനുകളിലും പാര്‍ക്കിംഗ് വാഹനങ്ങളുടെ നിര നീളുന്ന കാഴ്ച്ചയാണ്. തിരക്കേറിയ റോഡില്‍ അശ്രദ്ധമായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ സൃഷ്ടിക്കുന്ന ഗതാഗത പ്രശ്നങ്ങളും ഏറെയാണ്. വാഹനഗതാഗതം തടസപ്പെടുത്തും വിധമാണ് ബസുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ടൗണിലെ അനധികൃത പാര്‍ക്കിംഗ്.
ഫുട്പാത്തുകള്പോലും വാഹനങ്ങളുടെ പാര്‍ക്കിംഗ് കേന്ദ്രമായി മാറുന്നതോടെ റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ് കാല്‍നട യാത്രക്കാര്‍. ടൗണ്‍ ബൈപാസ് പൂര്‍ത്തിയായാലേ കടുത്തുരുത്തിയില്‍ ഇപ്പാള്‍ നേരിടുന്ന ഗതാഗതപ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരമാവൂ. ബൈപാസ് പൂര്‍ത്തിയാകുന്നതോടെ വലിയ വാഹനങ്ങള്‍ ഉള്പ്പെടേയുളളവയ്ക്ക് ടൗണില്‍ പ്രവേശിക്കാതെ കടന്നു പോകാനാവും.