ശബരിമല കാനനപാതയിൽ വൻ തിരക്ക്; കുടുങ്ങിക്കിടന്ന നാലു പേരെ രക്ഷിച്ചു
1493344
Wednesday, January 8, 2025 2:39 AM IST
കണമല: പരമ്പരാഗത കാനനപാതയിലൂടെയുള്ള തീർഥാടക പ്രവാഹം സർവകാല റിക്കാർഡിലേക്ക്. ഇന്നലെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് കൂടിയതോടെ സത്രം പുൽമേടു വഴിയുള്ള തീർഥാടക സഞ്ചാര സമയത്തിൽ മാറ്റം വരുത്തിയെന്ന് വനം വകുപ്പ് അറിയിച്ചു. രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 12 വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ഇതിനിടെ രാത്രിയിൽ കാനനപാതയിൽ ഉരക്കുഴിയിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ കുടുങ്ങിക്കിടന്ന തമിഴ്നാട് സ്വദേശികളായ നാല് അയ്യപ്പഭക്തരെ സുരക്ഷിതമായി സന്നിധാനം ആശുപത്രിയിൽ എത്തിച്ചു. ചെന്നൈ സ്വദേശികളായ ലീലാവതി, ആന്റണി, പെരിയസ്വാമി മധുരൈ സ്വദേശി ലിംഗം എന്നിവരാണ് ശാരീരിക ബുദ്ധിമുട്ടുകൾ കാരണം രാത്രിയിൽ കാനനപാതയിൽ കുടുങ്ങിയത്.
രാത്രി പതിനൊന്നോടെ സ്ട്രച്ചർ സർവീസ് ടീം ഇവരെ സുരക്ഷിതമായി സന്നിധാനം ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ അറിയിപ്പിനെത്തുടർന്നാണ് എട്ടിന് സന്നിധാനത്തുനിന്ന് ഫയർ ആൻഡ് റെസ്ക്യു, ദേശീയ ദുരന്ത നിവാരണ സേന, ദേവസ്വം ബോർഡ് ജീവനക്കാർ അടങ്ങിയ സ്ട്രച്ചർ സർവീസ് ടീം രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടത്.
തമിഴ്നാട്ടിൽനിന്നെത്തിയ സംഘത്തോടൊപ്പം ഉണ്ടായിരുന്ന നാല് പേരും ശാരീരിക അവശതകളെത്തുടർന്ന് വനത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു. പാണ്ടിത്താവളത്തെ വനം വകുപ്പിന്റെ എയ്ഡ് പോസ്റ്റിൽ എത്തി മറ്റ് സംഘാംഗങ്ങൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് നാലു പേരെയും കണ്ടെത്തിയത്.
തീർഥാടനം സജീവമായിരുന്ന വർഷങ്ങളെ അപേക്ഷിച്ച് അതിന്റെ ഇരട്ടി തീർഥാടകർ ഇപ്പോൾ തന്നെ കാനന പാതയിലൂടെ കടന്നുപോയി എന്നാണ് കണക്കാക്കുന്നത്. ദിവസം 20,000 മുതൽ 25,000 പേർ വരെ കടന്നുപോകുന്നു. കോയിക്കക്കാവിലെ സമയ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചെങ്കിലും അഴുതക്കടവിൽ സമയ നിയന്ത്രണം തുടരുകയാണ്. ഇതുമൂലം വലിയ ഭക്തജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ആയിരത്തിലധികം പേർ ഇപ്പോൾ അഴുതക്കടവിലും കാളകെട്ടി ക്ഷേത്രത്തിനും വിരിവയ്ക്കുന്നുണ്ട്.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഒരിക്കലും പ്രതീക്ഷിക്കാത്ത വിധമാണ് പരമ്പരാഗത കാനനപാതയിലൂടെയുള്ള തീർഥാടകരുടെ പ്രവാഹം. വനം വകുപ്പിന്റെ നേതൃത്വത്തിൽ കാനനപാതയിൽ നടന്നു പോകുന്ന തീർഥാടകർക്ക് പരമാവധി സൗകര്യം ഒരുക്കാൻ ശ്രമിക്കുന്നതായി എരുമേലി റേഞ്ച് ഓഫീസർ ഹരിലാൽ അറിയിച്ചു.