കലയത്തുംകുന്ന് ജംഗ്ഷനിലെ കുഴികൾ അടച്ചു
1493510
Wednesday, January 8, 2025 6:42 AM IST
തലയോലപ്പറമ്പ്: പൊതി കലയത്തുംകുന്ന് ജംഗ്ഷനിൽ വാഹന അപകടങ്ങൾക്ക് ഇടയാക്കിയിരുന്ന വൻ കുഴികൾ പൊതുമരാമത്ത് വകുപ്പ് അധികൃതർ അടച്ചു. ഇരുചക്രവാഹന യാത്രികരടക്കം കുഴികളിലകപ്പെട്ട് വീണ് പരിക്കേൽക്കുന്നത് പതിവായിരുന്നു.
കഴിഞ്ഞ ദിവസം കുഴിയിലകപ്പെട്ട് ബൈക്ക് മറിഞ്ഞതിനെത്തുടർന്ന് ചെളി നിറഞ്ഞ കുഴിയിലേക്ക് വീട്ടമ്മയും രണ്ടു വയസുള്ള കുഞ്ഞടക്കം വീണു പരിക്കേറ്റ സംഭവം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
ഭാരവണ്ടികളടക്കം നിരന്തരം ഓടുന്ന റോഡിൽ ബൈക്ക് മറിഞ്ഞ സമയം എതിർ ഭാഗത്തു നിന്ന് വാഹനങ്ങൾ വരാതിരുന്നതാണ് കുടുംബത്തിന് രക്ഷയായത്. റോഡിൽ കുഴികൾ രൂപപ്പെട്ടിട്ട് ഒരു വർഷമായിരുന്നു.
കലയത്തുകുന്ന് ജംഗ്ഷനിൽ ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് മറിഞ്ഞ് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുന്നത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം തങ്കമ്മവർഗീസ് മാധ്യമ വാർത്തയടക്കം പൊതുമരാമത്ത് വകുപ്പ് അധികൃതരെ സമീപിച്ചതോടെയാണ് കുഴിയടയ്ക്കുന്നതിന് അധികൃതർ നടപടി സ്വീകരിച്ചത്.