കേടായ ലോറി വലിച്ചുകൊണ്ടുവന്ന സർവീസ് ലോറി കെട്ടിടത്തിലിടിച്ചുകയറി
1493653
Wednesday, January 8, 2025 10:45 PM IST
പൊൻകുന്നം: കേടായ ലോറി കെട്ടിവലിച്ചുകൊണ്ടുവന്ന ലോറി മറ്റൊരു വാഹനത്തിൽ തട്ടിയതിന് ശേഷം വഴിയോരത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. പാലാ - പൊൻകുന്നം ഹൈവേയിൽ പനമറ്റം കവലയിൽ ഇന്നലെ പുലർച്ചെ 1.30നായിരുന്നു അപകടം. അപകടത്തെ തുടർന്ന് ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ അര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് സംഘം പുറത്തെടുത്തത്.
പനമറ്റം കവലയ്ക്കു സമീപം മറ്റൊരു വാഹനം കെട്ടിവലിച്ചുകൊണ്ടു വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടമായ ലോറി സമീപത്തെ കടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. കൈക്കു ഗുരുതരമായി പരിക്കേറ്റതിനൊപ്പം കാൽ വാഹനത്തിനുള്ളിൽ കുടുങ്ങിയതോടെ ഡ്രൈവർക്ക് പുറത്തിറങ്ങാനായില്ല. തുടർന്ന് കാഞ്ഞിരപ്പള്ളിയിൽനിന്നെത്തിയ ഫയർഫോഴ്സ് സംഘം വാഹനം കെട്ടി വലിച്ച് ശേഷം തകിട് ഭാഗങ്ങൾ നീക്കി ഡ്രൈവറെ പുറത്തിറക്കുകയായിരുന്നു.
എരുമല്ലൂർ സ്വദേശി ബെന്നി ജോർജി(53) നെയാണ് അര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ വാഹനത്തിനുള്ളിൽനിന്ന് ഫയർഫോഴ്സ് സംഘം പുറത്തെടുത്തത്. ഒപ്പമുണ്ടായിരുന്ന ഇതരസംസ്ഥാനത്തൊ ഴിലാളി സമദുലി (20) നും പരിക്കേറ്റു. ഇരുവരെയും ചേർപ്പുങ്കൽ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെന്നിയുടെ കൈയ്ക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.എ. നൗഫലിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ റിന്റു എം. ജോസഫ്, ഷമീർ, അനൂപ് വിജയൻ, ജിഷ്ണു രാഘവൻ, കെ.എസ്. സുരേഷ്, പി.ജി. അയ്യപ്പദാസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കെട്ടിടത്തിന് ഒന്നരലക്ഷം രൂപയോളം നഷ്ടമുണ്ടെന്ന് ഉടമ പറഞ്ഞു.