ശുചിമുറിയില്ല; തീർഥാടകർ വലയുന്നു
1493335
Wednesday, January 8, 2025 2:39 AM IST
എരുമേലി: ദിവസവും നൂറുകണക്കിന് അയ്യപ്പഭക്തർ കുളിക്കുന്ന മണിമലയാറിലെ കൊരട്ടി കടവിൽ പ്രാഥമിക കൃത്യങ്ങൾക്ക് സൗകര്യമില്ലാത്തതു മൂലം ദുരിതവും വ്യാപകമായ മലിനീകരണവും. നദിയുടെ പരിസരങ്ങളിലേക്ക് മലിനീകരണം വ്യാപകമായിരിക്കുകയാണ്. ദിവസവും ആയിരത്തിൽപരം തീർഥാടകർ ഇവിടെ കുളിക്കുന്നുണ്ട്. വഴിയിടം ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രമോ പൊതു ശൗചാലയമോ ഇവിടെ ഇതുവരെ സ്ഥാപിച്ചിട്ടില്ല.
ശൗചാലയം നിർമിക്കാൻ സ്ഥലം ലഭ്യമല്ലെന്നാണ് എരുമേലി പഞ്ചായത്ത് അധികൃതർ പറയുന്നത്. എന്നാൽ, പുറമ്പോക്ക് ഉൾപ്പെടെ റവന്യു ഭൂമി സമീപത്തുണ്ടെന്ന് നാട്ടുകാർ പറയുന്നു. കൊരട്ടി കുളിക്കടവിൽ തീർഥാടകർ വർധിച്ചതോടെ പൊട്ടിപ്പൊളിഞ്ഞ ചെക്ക്ഡാമിൽ മണൽ നിറച്ച ചാക്കുകൾ അടുക്കി വെള്ളം സംഭരിക്കുന്നതിന് ശേഷി വർധിപ്പിച്ചെന്ന് ഇറിഗേഷൻ വിഭാഗം അറിയിച്ചു.
പൊട്ടിപ്പൊളിഞ്ഞു തകർന്നിട്ടും മണിമലയാറിലെ കൊരട്ടി ചെക്ക്ഡാമിന് പകരം പദ്ധതി ആവിഷ്കരിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. കൊരട്ടി പാലത്തിൽ നിന്ന് മണിമലയാറിലേക്ക് നോക്കിയാൽ അസ്ഥിപഞ്ജരമായ നിലയിൽ ചെക്ക്ഡാം കാണാം. ഒരിക്കൽ മന്ത്രി എത്തി ചെക്ക്ഡാം പൊളിച്ചു നിർമിക്കാൻ സംസ്ഥാന ബജറ്റിൽ തുക അനുവദിക്കുമെന്ന് പ്രഖ്യാപിച്ചതാണ്.
തുക അനുവദിച്ചെങ്കിലും പദ്ധതി മാത്രമുണ്ടായില്ല. വി.എസ്. ശിവകുമാർ ദേവസ്വം ബോർഡ് മന്ത്രി ആയിരിക്കെയാണ് ശബരിമല തീർഥാടന പ്രാധാന്യം മുൻനിർത്തി ചെക്ക്ഡാം പുനർ നിർമാണത്തിന് ബജറ്റിൽ പ്രഖ്യാപനമുണ്ടായത്. അശാസ്ത്രീയമായ ഈ ചെക്ക് ഡാം പൊളിച്ചു നീക്കി അനുയോജ്യമായ സ്ഥലത്ത് പുതിയ ചെക്ക് ഡാം നിർമിക്കണമെന്ന് ആവശ്യം ശക്തമാണ്. കൊരട്ടി പാലത്തിന്റെ സംരക്ഷണം മുൻനിർത്തിയുള്ള ചെക്ക്ഡാം നിർമാണം വേണമെന്നാണ് ആവശ്യം.