ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ കയറാതെയും ചില ബസുകള്‍; ചിന്താക്കുഴപ്പത്തില്‍ യാത്രക്കാര്‍
1493514
Wednesday, January 8, 2025 6:53 AM IST
ചങ്ങനാശേരി: ചില കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പകലും രാത്രിയും ചങ്ങനാശേരി ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കാന്‍ മടി. ബസുകള്‍ എവിടെ നിര്‍ത്തുമെന്നറിയാതെ യാത്രക്കാര്‍ നെട്ടോട്ടത്തില്‍. ഈ ബസുകള്‍ ബസ് സ്റ്റാന്‍ഡിനു മുമ്പില്‍ നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയുമാണ് പതിവ്.
താലൂക്ക് വികസന സമിതി യോഗത്തിലടക്കം പരാതി ഉന്നയിച്ചിട്ടും ഈ വിഷയത്തില്‍ അധികാരികള്‍ ഒരു നടപടിയും സ്വീകരിക്കാത്തതില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ചില ലോഫ്ളോര്‍ ബസുകളും സൂപ്പര്‍ ഫാസ്റ്റ് ബസുകളുമാണ് ബസ് സ്റ്റാന്‍ഡില്‍ കയറാതെ റോഡില്‍ നിര്‍ത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്.
നേരത്തെ രാത്രികാലങ്ങളിലാണ് ചില ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കാതിരുന്നതെങ്കില് ഇപ്പോള്‍ ചിലത് പകലും പ്രവേശിക്കുന്നില്ലെന്നാണു പരാതി. അധികാരികളുടെ കണ്മുന്പില് ജീവനക്കാര്‍ ഇത്തരം നിയമനിഷേധവും യാത്രക്കാരോട് നീതികേടും കാട്ടിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസിക്കു കഴിയാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
കോട്ടയത്തുനിന്നു തിരുവനന്തപുരം ഭാഗത്തേക്കു പോകുന്ന ബസുകളില്‍ ചിലതാണ് റോഡില്‍ നിര്‍ത്തി ആളെ ഇറക്കിയും കയറ്റിയും പോകുന്നത്. സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്ക്കുന്ന യാത്രക്കാര്‍ റോഡില്‍ ബസ് നിര്‍ത്തുന്നതു കാണുമ്പോള്‍ ബസില്‍ കയറുന്നതിനായി ഓടേണ്ട അവസ്ഥയാണ്. ഇത് റോഡില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതിനൊപ്പം യാത്രക്കാര്‍ അപകടത്തില്‍പ്പെടാനും കാരണമാകുന്നുണ്ട്.
രാത്രി എട്ടുവരെയുള്ള സമയത്ത് മുഴുവന്‍ ബസുകളും ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം റോഡ് തടയുന്നതടക്കം സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും പാസഞ്ചേഴ്സ് അസോസിയേഷനും ചില രാഷ്ട്രീയ സംഘടനകളും വ്യക്തമാക്കി.
വെയിലേറ്റ് തളർന്നു യാത്രക്കാര്‍
ചങ്ങനാശേരി ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തതുമൂലം കൊടിയ വെയിലത്ത് യാത്രക്കാര്‍ ചൂടേറ്റു വാടുകയാണ്. കെട്ടിടം പൊളിച്ച ഭാഗത്ത് പ്രവാസി സംഘടന സ്ഥാപിച്ചിരുന്ന താത്കാലിക വെയിറ്റിംഗ് ഷെഡ് ഇപ്പോൾ പൊളിഞ്ഞ നിലയിലാണ്.
ജനറല്‍ ആശുപത്രി റോഡിന്റെ വശത്തുള്ള മരച്ചുവട്ടിലും പെട്രാള്‍ പമ്പിനു സമീപത്തുള്ള തണലിലുമാണ് വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ വെയിലേല്‍ക്കാതെ നില്‍ക്കുന്നത്.