കേരള കോണ്‍ഗ്രസില്‍ വീണ്ടും മക്കള്‍ പാരമ്പര്യം
1493343
Wednesday, January 8, 2025 2:39 AM IST
കോട്ടയം: കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളിലെ പരമ്പരാഗത മക്കള്‍ രാഷ്ട്രീയം അതിന്റെ പൂര്‍ണതയിലെത്തുന്നു. അര നൂറ്റാണ്ടായി കേരള കോണ്‍ഗ്രസിന്റെ മുന്‍നിരയിലുള്ള പി.ജെ. ജോസഫിന്റെ മകന് അപു ജോണ്‍ ജോസഫ് പാര്‍ട്ടിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി ഇന്നലെ ചുമതലയേറ്റു. നിലവില്‍ പി.ജെ. ജോസഫ് പാര്‍ട്ടി ചെയര്‍മാനാണ്. തൊടുപുഴ എംഎല്‍എയും മുന്‍ മന്ത്രിയുമായ പി.ജെ. ജോസഫിനൊപ്പം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ അപു പാര്‍ട്ടിയില്‍ സജീവമായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രചാരണത്തില്‍ യുഡിഎഫിനൊപ്പം പ്രധാന ചുമതല വഹിച്ചു. ലോക്സഭയിലേക്ക് കോട്ടയം സീറ്റില്‍ സ്ഥാനാര്‍ഥിയായി അപുവും പരിഗണയിലുണ്ടായിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ജെ. ജോസഫ് മത്സരരംഗത്തുനിന്ന് പിന്മാറിയാല് അപു തൊടുപുഴയില്‍ യുഡിഎഫ് സ്ഥാനാര്ഥിയായാകുമെന്ന് ഏറെക്കുറെ വ്യക്തമാണ്.
കോണ്‍ഗ്രസുകാരനായിരുന്ന പി.ടി. ചാക്കോയുടെ മകന് പി.സി. തോമസും കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ചെയർമാൻ കെ.എം. ജോർജിന്റെ മകൻ ഫ്രാൻസിസ് ജോർജും മുതല്‍ കേരള കോണ്‍ഗ്രസില്‍ മുന്‍നിര നേതാക്കളുടെ മക്കള്‍ പിന്നീട് അതേ പാരമ്പര്യം തുടര്‍ന്നിട്ടുണ്ട്. പി.സി. തോമസ് കേന്ദ്ര മന്ത്രിയായി. ഫ്രാൻസിസ് ജോർജ് നിലവിൽ കോട്ടയം എംപിയാണ്.
ആര്. ബാലകൃഷ്ണപിള്ളയുടെ മകന് കെ.ബി. ഗണേഷ്കുമാര്, കെ. നാരായണക്കുറുപ്പിന്റെ മകന് ഡോ. എന്‍. ജയരാജ്, ടി.എം. ജേക്കബിന്റെ മകന് അനൂപ് ജേക്കബ്, കെ.എം. മാണിയുടെ മകന് ജോസ് കെ. മാണി, പി.സി. ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ് തുടങ്ങിയവര്‍ രാഷ്ട്രീയ പാരമ്പര്യം തുടര്‍ന്നു. ഇവരില്‍ ഗണേശും അനൂപും മന്ത്രിമാരായായി. എന്‍. ജയരാജ് ചീഫ് വിപ്പും. ജോസ് കെ. മാണി നിലവിൽ രാജ്യസഭാംഗമാണ്.