റോഡിൽ മെറ്റിൽ നിരന്നു; ദുരിതയാത്രയിൽ നാട്ടുകാർ
1493334
Wednesday, January 8, 2025 2:39 AM IST
പൊൻകുന്നം: താന്നിമൂട്-ആനക്കയം-തമ്പലക്കാട് റോഡിന്റെ അറ്റകുറ്റപ്പണിക്കായി നിരത്തിയ മെറ്റിൽ റോഡിൽ പരന്നതുമൂലം അപകടങ്ങൾ പതിവാകുന്നു. ദേശീയപാതയിൽ താന്നിമൂട് വളവിൽനിന്ന് ഈ റോഡിലേക്കു പ്രവേശിക്കുന്ന 50 മീറ്ററോളം ഭാഗത്തെ കുഴികളിൽ ടാറിംഗിനായി ഇട്ട മെറ്റിലുകളാണ് റോഡിൽ നിരന്നിരിക്കുന്നത്.
രണ്ടാഴ്ച മുന്പാണ് റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. റോഡിന്റെ മറ്റു ഭാഗത്തെ അറ്റകുറ്റപ്പണികൾ പൂർത്തിയായെങ്കിലും ഈ ഭാഗം മാത്രം കരാറുകാർ ഒഴിവാക്കുകയായിരുന്നു. ഭാരവാഹനങ്ങൾ ഉൾപ്പെടെ കടന്നുപോയതോടെ കുഴിയിലെ മെറ്റിൽ റോഡിലേക്കു നിരന്ന് തുടങ്ങുകയായിരുന്നു. ഇരുചക്രവാഹനങ്ങൾക്കാണ് ഇത് കൂടുതൽ അപകടഭീഷണിയാകുന്നത്. നിരവധി പേരാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ദിവസം പ്രദേശവാസിയായ യുവാവ് ഇത്തരത്തിൽ അപകടത്തിൽപ്പെട്ട് കൈക്കും കാലിനുമുൾപ്പെടെ സാരമായി പരിക്കേറ്റിരുന്നു.
ചിറക്കടവ് പഞ്ചായത്ത് മൂന്നാം വാർഡിൽ ഉൾപ്പെട്ട ഈ റോഡ് വളരെ നാളുകളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയായിരുന്നു. ഏറെ നാളത്തെ പ്രതിഷേധങ്ങൾക്ക് ശേഷമാണ് ഇവിടെ അറ്റകുറ്റപ്പണികൾ പോലും നടന്നത്. റോഡിന്റെ മറ്റു ഭാഗങ്ങളിലെ അറ്റകുറ്റപ്പണികൾ തീർന്നിട്ടും ഈ ഭാഗം മാത്രം ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമാവുകയാണ്.