യാത്രാക്ലേശത്തിന് അറുതി; പൂവത്തോട്, അമ്പാറനിരപ്പ് വഴി കെഎസ്ആർടിസി സർവീസ് ആരംഭിക്കുന്നു
1493624
Wednesday, January 8, 2025 9:24 PM IST
പാലാ: കടുത്ത യാത്രാക്ലേശം നേരിടുന്ന മീനച്ചിൽ പഞ്ചായത്തിലെ പൂവത്തോട്, തിടനാട് പഞ്ചായത്തിലെ അമ്പാറനിരപ്പ് വഴി കെഎസ്ആർടിസി പുതിയ സർവീസ് ആരംഭിക്കുന്നു. ഈരാറ്റുപേട്ടയിൽ നിന്ന് ആരംഭിച്ച് കൊണ്ടൂർ, അമ്പാറനിരപ്പ്, പൂവത്തോട്, വിലങ്ങുപാറ, ഭരണങ്ങാനം വഴി പാലായ്ക്ക് പോകുന്ന സർവീസാണ് വ്യാഴാഴ്ച തുടങ്ങുന്നത്.
യൂത്ത് ഫ്രണ്ട് - എം മീനച്ചിൽ മണ്ഡലം കമ്മിറ്റി സമർപ്പിച്ച നിവേദനത്തിൽ ജോസ് കെ. മാണി എംപി ഇടപെട്ടതോടെയാണ് കെഎസ്ആർടിസി സർവീസിന് പച്ചക്കൊടി വീശിയത്. പാലാ എറ്റിഒ അശോക്, ഈരാറ്റുപേട്ട ജനറൽ കൺട്രോൾ ഇൻസ്പെക്ടർ മോഹൻദാസ് എന്നിവർ സർവീസ് ആരംഭിക്കുന്നതിന് നേതൃത്വം നൽകി.
നിലവിൽ ഒരു സർവീസ് ആണ് ഈ റൂട്ടിൽ ആരംഭിക്കുന്നത്. കൂടുതൽ യാത്രക്കാർ ഉണ്ടായാൽ അധിക സർവീസുകൾ ആരംഭിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ബസ് സർവീസ് ആരംഭിക്കുന്നതിന് ഇടപെട്ട ജോസ് കെ. മാണിയെയും യൂത്ത് ഫ്രണ്ട്-എം പ്രവർത്തകരായ ബിബിൻ ആന്റണി. ജിന്റു അറയ്ക്കപ്പറമ്പിൽ, ടോബി തൈപറമ്പിൽ, ആന്റോ വെള്ളപ്പാട്ട്, മാർട്ടിൻ ചിലമ്പൻകുന്നേൽ, എബ്രഹാം പുല്ലൻതാനിയിൽ എന്നിവരെയും കെഎസ്ആർടിസി ഉദ്യോഗസ്ഥരെയും പൗരാവലി അനുമോദിച്ചു.