യുജിസി കരടു വിജ്ഞാപനം ഫെഡറല്‍ തത്വങ്ങളുടെ ലംഘനം: ജോസ് കെ. മാണി
1493340
Wednesday, January 8, 2025 2:39 AM IST
കോട്ടയം: സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ചാന്‍സലര്‍ക്ക് സമ്പൂര്‍ണാധികാരം നല്കുന്ന നിയമപരിഷ്കരണത്തിനുള്ള യുജിസി കരടു വിജ്ഞാപനം ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും ജനാധിപത്യ മര്യാദകളോടുള്ള വെല്ലുവിളിയാണെന്നും കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപി.
കേന്ദ്ര നോമിനികളായ ചാന്‍സലര്‍മാരിലൂടെ സംസ്ഥാന സര്‍ക്കാരുകളെ നോക്കുകുത്തിയാക്കി കേന്ദ്രസര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ മാത്രം സര്‍വകലാശാലകളില്‍ അടിച്ചേല്‍പ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ചട്ടങ്ങളുണ്ടാക്കിയത്. സര്‍വകലാശാലാ പൊതുസമിതികളിലേക്ക് കേന്ദ്ര ഭരണകക്ഷിയുടെ ഇഷ്ടക്കാരെ മാത്രം തിരുകിക്കയറ്റി ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയില്‍ ഒതുക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.
സംസ്ഥാന സര്‍ക്കാരുകളെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നോക്കുകുത്തിയാക്കി സ്ഥാപിത താല്പര്യങ്ങള് വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ദൂരവ്യാപക ലക്ഷ്യമാണ് യുജിസി കരടു വിജ്ഞാപനത്തിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍ തെളിയുന്നതെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.