മാടപ്പള്ളി ബ്ലോക്കില്‍ ഡ്രോണ്‍ പറന്ന് നെല്ലിനു വളമിട്ടു
1493264
Tuesday, January 7, 2025 7:18 AM IST
ചങ്ങനാശേരി: ജില്ലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് പാടശേഖരങ്ങളില്‍ വള പ്രയോഗം നടത്തുന്ന പദ്ധതിക്ക് ചങ്ങനാശേരി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി, ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ നെല്‍കര്‍ഷകരെ സഹായിക്കുന്നതിനാണ് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 2024-2025 ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പദ്ധതി നടപ്പിലാക്കുന്നത്.
നെല്ലിലെ കറവലിനും ദൃഢതക്കുറവിനും പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ഡ്രോണ്‍ ഉപയോഗിച്ച് നെല്‍കൃഷിക്ക് വളപ്രയോഗം നടപ്പാക്കുന്നത്. സൂഷ്മമൂലകങ്ങളുടെ കുറവ് മൂലമാണ് ഇതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സിങ്ക്, മാംഗനീസ്, ബോറോണ്‍ എന്നിവയുടെ മിശ്രിതമാണ് ഡ്രോണിന്റെ സഹായത്താല്‍ തളിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം വാഴപ്പള്ളി പഞ്ചായത്തിലെ ഓടേറ്റി വടക്ക് പാടശേഖരത്ത് ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു. വാഴപ്പള്ളി പഞ്ചായത്ത്പ്രസിഡന്റ് മിനി വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു പദ്ധതി വിശദീകരിച്ചു. ഡിവിഷന് മെംബര്‍ ടീനാമോള്‍ റോബി, മാത്തുക്കുട്ടി പ്ലാത്താനം, വര്‍ഗീസ് ആന്റണി, ലൈസമ്മ ആന്റണി, പുഷ്പവല്ലി, ജോര്‍ജ് മാത്യു, തോമസ് കൊട്ടാരത്തില്‍ എന്നിവര്‍ പങ്കെടുത്തു.