ചന്ദനക്കുടം, പേട്ടതുള്ളൽ; വിപുലമായ സുരക്ഷ
1493652
Wednesday, January 8, 2025 10:45 PM IST
എരുമേലി: ചന്ദനക്കുടം, പേട്ടതുള്ളൽ എന്നിവ മുൻനിർത്തി എരുമേലിയിൽ വിപുലമായ സുരക്ഷാസന്നാഹങ്ങളും ക്രമീകരണങ്ങളും ഒരുക്കിയെന്ന് എസ്പി ഷാഹുൽ ഹമീദ് അറിയിച്ചു. ജില്ലാ കളക്ടർ സ്ഥലത്തെത്തി മേൽനോട്ടം വഹിക്കും. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനിൽകുമാറിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ. ആയിരത്തോളം പോലീസുകാർ ഡ്യൂട്ടിയിലുണ്ടാകും. ഗതാഗതം തടയാതെ വൺവേയും നിയന്ത്രണവും ഏർപ്പെടുത്തിയാണ് ട്രാഫിക് ക്രമീകരിക്കുകയെന്ന് പോലീസ് അറിയിച്ചു.
ചന്ദനക്കുട ഘോഷയാത്രയ്ക്ക് മുമ്പ് സന്ധ്യയോടെ അമ്പലപ്പുഴ സംഘവുമായി ജമാഅത്ത് സൗഹൃദ സമ്മേളനം നടത്തും. സംഘം ഭാരവാഹികൾക്ക് സ്വീകരണം നൽകും. ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചി അധ്യക്ഷത വഹിക്കുന്ന സൗഹൃദ സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും.
രാഹുൽ ഈശ്വർ മുഖ്യപ്രഭാഷണം നടത്തും. വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ സാമുദായിക സാംസ്കാരിക പ്രമുഖരും പങ്കെടുക്കും. സൗഹൃദ സമ്മേളനത്തിന് ശേഷം ചന്ദനക്കുട ഘോഷയാത്രയുടെ ഉദ്ഘാടന സമ്മേളനം നൈനാർ മസ്ജിദിന്റെ മുന്നിൽ നടക്കും.
പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഘോഷയാത്ര ഉദ്ഘാടനവും ഫ്ലാഗ് ഓഫും മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ആന്റോ ആന്റണി എംപി, എംഎൽഎ മാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ, എരുമേലി ഫൊറോനാ വികാരി ഫാ. വർഗീസ് പുതുപ്പറമ്പിൽ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പോലീസ് ചീഫ് ഷാഹുൽ ഹമീദ്, സാമൂഹിക സാംസ്കാരിക, സാമുദായിക, നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
ചന്ദനക്കുടം ഘോഷയാത്രയുടെ റൂട്ട്, സമയം ചുവടെ:
രാത്രി 7.30 ന് പേട്ടക്കവലയിൽനിന്നു പുറപ്പെടും. എട്ടിന് പൂവത്തുങ്കൽ ഗേറ്റ്, 8.30ന് ചരള മസ്ജിദ്, 9.30ന് പ്രൈവറ്റ് ബസ് സ്റ്റാൻഡ്, 10ന് പേട്ടക്കവലയും കൊച്ചമ്പലവും 11.15ന് ആരോഗ്യ വകുപ്പിന്റെ സ്വീകരണം, 11.30ന് വലിയമ്പലം, 11.50ന് ചെമ്പകത്തുങ്കൽ സ്റ്റേഡിയം, 12.15ന് പോലീസ് സ്റ്റേഷൻ ജംഗ്ഷൻ, 12.20ന് കെഎസ്ഇബി ഓഫീസ്, 12.50 തിരിച്ചു രാജാ പടി, 12.55ന് കെഎസ്ആർടിസി, 1.20 ന് മാർക്കറ്റ് ജംഗ്ഷൻ, വാഴക്കാല, 1.55ന് വിലങ്ങുപാറ, തുടർന്ന് സമാപനം നൈനാർ മസ്ജിദിൽ.