കാട്ടുകോഴിയെ പിടിച്ചെന്ന് കേസ്: സഹോദരന്മാർ റിമാൻഡിൽ
1493337
Wednesday, January 8, 2025 2:39 AM IST
കണമല: ശബരിമല കാനനപാതയിൽ സീസൺ കച്ചവടം നടത്തിക്കൊണ്ടിരുന്ന സഹോദരൻമാർ കുരുക്ക് ഉപയോഗിച്ച് വനത്തിലെ കോഴിയെ പിടികൂടിയെന്ന് കേസ്.
ഇരുവരും അറസ്റ്റിലായി ജാമ്യം ലഭിക്കാതെ റിമാൻഡ് തടവിലാണ്. കേസെടുത്ത വനം വകുപ്പിനെതിരേ വ്യാപക പ്രതിഷേധം. പമ്പാവാലി ഏയ്ഞ്ചൽവാലിയിലാണ് സംഭവം. പമ്പാവാലി സ്വദേശികളും സഹോദരൻമാരുമായ കാക്കനാട്ട് ചാക്കോ, തോമസ് എന്നിവരാണ് അറസ്റ്റിലായത്.
ഇവർ പീരുമേട് സബ് ജയിലിൽ റിമാൻഡിലാണ്. വനത്തിൽനിന്ന് ഒട്ടനവധി മൃഗങ്ങൾ നാട്ടിലിറങ്ങി വ്യാപകമായി കൃഷികൾ നശിപ്പിക്കുന്നതിൽ നടപടികൾ സ്വീകരിക്കാത്ത വനം വകുപ്പ് നാട്ടുകാരെ കേസിൽ കുടുക്കുന്നത് അനീതി ആണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കാട്ടുകോഴിയെ പിടിച്ചതായി തെളിവില്ലെന്നും കേസെടുത്തത് അന്യായമാണെന്നുമാണ് ആക്ഷേപം.
അതേസമയം കാട്ടുകോഴിയുടെ ജഡത്തിന്റെ അവശിഷ്ടങ്ങൾ തെളിവായി ലഭിച്ചിട്ടുണ്ടെന്നും കുരുക്കിട്ട് കാട്ടുകോഴിയെ പിടിക്കുന്നത് നേരിൽ കണ്ടതാണെന്നും കേസെടുത്ത പമ്പാവാലി എഴുകുംമണ്ണ് റേഞ്ച് ഓഫീസർ പറയുന്നു.
പ്രത്യേക സംരക്ഷിത വന്യജീവികളുടെ പട്ടികയിൽ ഉൾപ്പെടുന്ന കാട്ടുകോഴിയെ പിടിക്കുന്നത് കടുത്ത കുറ്റമാണെന്നും കോടതിയിൽ കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതികൾക്ക് പരമാവധി എട്ട് വർഷം തടവ് ലഭിക്കുമെന്നും അര ലക്ഷം രൂപയോളം പിഴ അടയ്ക്കേണ്ടി വരുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.