കുര്യനാട് ആശ്രമ ദേവാലയത്തിൽ തിരുനാൾ
1493066
Monday, January 6, 2025 10:37 PM IST
കുര്യനാട്: സെന്റ് ആൻസ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ അന്നാമ്മ, വിശുദ്ധ കൊച്ചുത്രേസ്യാ, വിശുദ്ധ ചാവറ പിതാവ്, വിശുദ്ധ അന്തോനീസ് എന്നിവരുടെ തിരുനാളിന് തുടക്കമായി. 12ന് സമാപിക്കും.
തിരുനാളിന് 10ന് വൈകുന്നേരം 4.45ന് സെന്റ് ആൻസ് ആശ്രമം പ്രിയോർ ഫാ. സ്റ്റാൻലി ചെല്ലിയിൽ സിഎംഐ കൊടിയേറ്റും. അഞ്ചിന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയം ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
11ന് ആറിന് വിശുദ്ധ കുർബാന. മൂന്നിന് തിരുസ്വരൂപപ്രതിഷ്ഠ. 4.30ന് അന്ന, കൊച്ചുത്രേസ്യാ, കുര്യാക്കോസ് നാമധാരികളുടെ സംഗമം. അഞ്ചിന് ഫാ. ഫിനിൽ ഏഴറാത്ത് സിഎംഐ ആഘോഷമായ തിരുനാൾ കുർബാന അർപ്പിക്കും. ആറിന് വിശുദ്ധ കൊച്ചുത്രേസ്യായുടെ കപ്പേളയിലേക്ക് പ്രദക്ഷിണം. തുടർന്ന് സ്നേഹവിരുന്ന്.
12ന് രാവിലെ ആറിന് ഫാ. ടോമി കാരാംവേലിൽ സിഎംഐ വിശുദ്ധ കുർബാന അർപ്പിക്കും. 4.30ന് സിഎംഐ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയിലെ നവവൈദികരായ ഫാ. ഫ്രമിൻ പള്ളിക്ക സിഎംഐ, ഫാ. മനേഷ് കുന്നക്കാട്ട് സിഎംഐ, ഫാ. ജിൻസ് വേങ്ങപ്പള്ളി സിഎംഐ, ഫാ. ജോസഫ് ഇടിയാകുന്നേൽ സിഎംഐ എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. ആറിന് ആനിക്കോട് കവലയിലേക്ക് പ്രദക്ഷിണം. വാഴത്തോപ്പ് സിഎംഐ പബ്ലിക് സ്കൂൾ മാനേജർ ഫാ. വിനീത് വാഴേക്കുടിയിൽ സിഎംഐ സന്ദേശം നൽകും.
പത്തു വരെ തീയതികളിൽ രാവിലെ 6.15ന് വിശുദ്ധ കുർബാനയും സന്ദേശവും നൊവേനയും നടക്കും. ഫാ. ജോമി പന്തിരുവേലിൽ സിഎംഐ, ഫാ. ജയിംസ് വേഴാമ്പുതോട്ടത്തിൽ സിഎംഐ എന്നിവർ നാളെയും ഒൻപതിനും വിശുദ്ധ കുർബാന അർപ്പിക്കും.
ഫാ. ദീപക് ഉഴത്തുവാൽ സിഎംഐ, ഫാ. ജോസഫ് പുത്തൻപുര, ഫാ. ജിൻസ് നെല്ലിക്കാട്ടിൽ, ഫാ. സ്കറിയ മലമാക്കൽ, ഫാ. ഇഗ്നേഷ്യസ് നടുവിലേക്കുറ്റ് എന്നിവർ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. തിരുനാൾ ദിവസങ്ങളിൽ പുഷ്പമുടി എഴുന്നള്ളിക്കുന്നതിന് സൗകര്യമുള്ളതായി പ്രിയോർ ഫാ. സ്റ്റാൻലി ചെല്ലിയിൽ സിഎംഐ അറിയിച്ചു.
ദനഹാ തിരുനാൾ ആചരിച്ചു
അരുവിത്തുറ: എസ്എംവൈഎം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദനഹാ തിരുനാളിനോടനുബന്ധിച്ച് അരുവിത്തുറ പള്ളിയിൽ ജ്ഞാനസ്നാനത്തിന്റെ ഓർമ പുതുക്കി മീനച്ചിലാറ്റിൽ ദനഹാ തിരുനാൾ ആചരിച്ചു. ആഘോഷമായ റംശയ്ക്ക് പാലാ രൂപത മീഡിയ കമ്മീഷൻ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജയിംസ് പനച്ചിക്കൽകരോട്ട് നേതൃത്വം നൽകി. യൂണിറ്റ് ഡയറക്ടർ ഫാ. ഏബ്രഹാം കുഴിമുള്ളിൽ, സഹവികാരി ഫാ. ജോസഫ് കദളിയിൽ എന്നിവർ പങ്കെടുത്തു.