അന്തര്‍ സര്‍വകലാശാല വോളി: കാലിക്കറ്റിനും കേരളയ്ക്കും വിജയത്തുടക്കം
1493069
Monday, January 6, 2025 10:37 PM IST
പാലാ: സെന്റ് തോമസ് കോളജ് ഓട്ടോണമസില്‍ അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല പുരുഷ വിഭാഗം വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. കോളജിലെ ജിമ്മി ജോര്‍ജ് സ്റ്റേഡിയം, ഇന്‍ഡോര്‍ സ്റ്റേഡിയം, പാലാ അല്‍ഫോന്‍സാ കോളജ് എന്നീ മൂന്ന് കോര്‍ട്ടുകളിലായി അരങ്ങേറുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു.
എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജേതാക്കള്‍ക്കുള്ള ട്രോഫികളുടെ പ്രകാശനം മാണി സി. കാപ്പന് എംഎല്‍എ നിര്‍വഹിച്ചു. ടൂര്‍ണമെന്റിന്റെ ലോഗോ സിന്‍ഡിക്കേറ്റ് അംഗം ഡോ. ജോജി അലക്സ് പ്രകാശനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, സിന്‍ഡിക്കേറ്റ് അംഗം ഡോ. ബാബു മൈക്കിള്‍, കായിക വിഭാഗം മേധാവി ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന മത്സരത്തില്‍ കാലിക്കറ്റ് സര്‍വകലാശാല, ഗ്വാളിയാര്‍ എല്‍എന്‍ഐപിഇ സര്‍വകലാശാലയെ തോൽപ്പിച്ചു (സ്കോര്‍: 25-22, 25-20, 25-20). ഇന്നലെ രാവിലെ നടന്ന മത്സരത്തില്‍ എല്‍എന്‍ഐപിഇ ഗ്വാളിയോര്‍, മഹാരാജ ശ്രീറാം യൂണിവേഴ്സിറ്റി ഒഡീഷയെ തോൽപ്പിച്ചു. സ്കോര്‍: 25 -14, 25-14, 25-15.
ടൂര്‍ണമെന്റിന്റെ പ്രാഥമിക ലീഗ് റൗണ്ട് മത്സരങ്ങള്‍ ഇന്നു സമാപിക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ പാലാ സെന്റ് തോമസ് കോളജിലെ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നാളെ ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കും.