കാഞ്ഞിരപ്പള്ളി-തന്പലക്കാട് റോഡിൽ മാലിന്യംതള്ളല്‍ വ്യാപകമാകുന്നു
1493063
Monday, January 6, 2025 10:36 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-തന്പലക്കാട് റോഡിൽ മാലിന്യം തള്ളല്‍ വ്യാപകമാകുന്നു. അറവുമാലിന്യങ്ങളും ഹോട്ടലുകളിലെ കേടായ ഭക്ഷണവും വീട്ടിലെ മാലിന്യങ്ങളുമാണ് റോഡരികിൽ കിടക്കുന്നത്. ഓശാന മൗണ്ടിനും മൂലമ്പുഴപ്പടിക്കും ഇടയിലെ ഒന്നര കിലോമീറ്റര്‍ ഭാഗത്താണ് മാലിന്യങ്ങള്‍ കുന്നുകൂടുന്നത്.
ഓട്ടോറിക്ഷകളിലും ഇരുചക്രവാഹനങ്ങളിലുമായി രാത്രികാലങ്ങളിലാണ് മാലിന്യങ്ങള്‍ റോഡരികില്‍ തള്ളുന്നതെന്ന് നാട്ടുകാർ പറയുന്നു. മാലിന്യങ്ങളുടെ ദുർഗന്ധം മൂലം കാൽനടയാത്രക്കാർ മൂക്കുംപൊത്തി നടക്കേണ്ട സ്ഥിതിയാണുള്ളത്. നാട്ടുകാര്‍ നിരവധിത്തവണ പരാതിപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതരോ പൊതുമരാമത്ത് വകുപ്പോ തിരിഞ്ഞുനോക്കിയിട്ടില്ല.
മാലിന്യം തള്ളലിനെതിരേ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യം തള്ളലിന് ഒരു കുറവുമില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ജനവാസ കേന്ദ്രങ്ങളിലടക്കമാണ് മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത്. കൂടുതലും അറവുശാലകളിലെ മാലിന്യങ്ങളാണ് ചാക്കിൽകെട്ടി റോഡിൽ നിക്ഷേപിച്ചിരിക്കുന്നത്. മാലിന്യം തള്ളുന്ന സ്ഥലങ്ങളില്‍ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ എത്തുന്നതും ജനങ്ങള്‍ക്ക് ഭീഷണിയാണ്.
മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ട് കാര്യമില്ലെന്നും മാലിന്യം തള്ളുന്നവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നും അല്ലത്തപക്ഷം മാലിന്യങ്ങൾ തള്ളുന്നത് ഇനിയും വ്യാപകമാകുമെന്നും നാട്ടുകാർ പറഞ്ഞു. ഇത്തരം സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഇതോടൊപ്പം ശക്തമായിരിക്കുകയാണ്.