അൽത്താഫിന് "ഹൃദ്യം 93' ബാച്ചിന്റെ ആദരം
1493062
Monday, January 6, 2025 10:36 PM IST
കാഞ്ഞിരപ്പള്ളി: നേപ്പാളിൽ നടന്ന ഇന്റർനാഷണൽ ത്രോബോൾ ടൂർണമെന്റിൽ രാജ്യത്തെ പ്രതിനിധീകരിച്ച് മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ച കാഞ്ഞിരപ്പള്ളി സ്വദേശി അൽത്താഫിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് സ്കൂളിലെ 1993 എസ്എസ്എൽസി ബാച്ചിന്റെ - ഹൃദ്യം 93 - ആദരവ് നൽകി.
1993 ബാച്ചുകാരനായ അയ്യൂബിന്റെ മകനാണ് അൽത്താഫ്. ഹോട്ടൽ ബിസിനസുകാരനായ അയ്യൂബ് കോവിഡ് കാലഘട്ടത്തിൽ പക്ഷാഘാതം വന്നതിനെത്തുടർന്ന് ചികിത്സയിലാണ്. മകൻ അൽത്താഫ് അയൽവീടുകളിൽ പാൽവിതരണം നടത്തിയതിനുശേഷമുള്ള സമയത്താണ് ത്രോബോൾ പരിശീലനത്തിന് സമയം കണ്ടെത്തുന്നത്. അൽത്താഫിന്റെ കഠിനമായ പരിശ്രമത്തെ ഹൃദ്യം 93 ബാച്ച് അഭിനന്ദിച്ചു.
ഹൃദ്യം പ്രസിഡന്റ് സിറാസ് കമാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫാ. ജോബിൻസ് ആലഞ്ചേരി മെമന്റോ സമ്മാനിച്ചു. ഉസ്താദ് നൂറുൽ ഹഖ് കാഷ് പ്രൈസ് സമ്മാനിച്ചു. ആന്റണി മാർട്ടിൻ, ലിബി മുളന്താനത്ത്, മുഹമ്മദ് ഇഖ്ബാൽ, ബെന്നി മാത്യു, ജോബി പന്തിരുവേലിൽ, എം.എ. അൻസാർ, ജസ്റ്റിൻ മാത്യു, മഞ്ചേഷ്, ഷൈജു ലത്തീഫ്, അജിമോൻ എന്നിവർ പ്രസംഗിച്ചു.