കുറുക്കനു പിന്നാലെ കാട്ടുപന്നി; അന്പരപ്പിൽ ജനം
1485433
Sunday, December 8, 2024 7:21 AM IST
കറുകച്ചാൽ: കുറുക്കന്റെ ശല്യത്തിനു പിന്നാലെ പഞ്ചായത്തിലേക്ക് ഇരച്ചെത്തി കാട്ടുപന്നിക്കൂട്ടം. രണ്ടാം വാർഡ് പ്രദേശമായ ആനക്കല്ലുങ്കൽ ഭാഗത്തു കഴിഞ്ഞദിവസം രാത്രി ഒമ്പതോടെയാണ് കാട്ടുപന്നിയെ കണ്ടത്. സമീപത്തെ പറമ്പിൽനിന്നും റോഡിലേക്ക് എത്തിയ പന്നി വാഹനത്തിനു മുന്പിലകപ്പെടുകയായിരുന്നു.
മുന്പ് പ്രദേശത്ത് കുറുക്കന്റെ ശല്യം വ്യാപകമായിരുന്നു. ഇടക്കാലത്തു കാടുകയറി കിടന്നിരുന്ന പറമ്പുകൾ വൃത്തിയാക്കിയതോടെ അതിനു ശമനമായിരുന്നു. എന്നാൽ, ഇപ്പോൾ ഒരാൾപ്പൊക്കത്തിൽ കാടുകൾ കയറി നിറഞ്ഞു കിടക്കുകയാണ് ഈ പറമ്പുകൾ.
ഇതു വെട്ടിവൃത്തിയാക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും ഉടമകൾ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതിൽ ഒട്ടുമിക്ക സ്ഥലങ്ങളും ഇഴജന്തുകളുടെയും തെരുവുനായകളുടെയും കേന്ദ്രമാണ്.
കാടുകേറി മൂടികിടക്കുന്ന പറമ്പുകൾ എത്രയും വേഗം വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.