ഓട്ടോറിക്ഷകളുടെ പാർക്കിംഗ് നിയന്ത്രണം: മേയറുടെ ഔദ്യോഗിക വാഹനം തടഞ്ഞു വച്ചു
1530928
Saturday, March 8, 2025 1:51 AM IST
കണ്ണൂർ: ഓട്ടോറിക്ഷ പാർക്കിംഗിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരേ നടത്തിയ മാർച്ചിൽ മേയർ മുസ്ലിഹ് മഠത്തിൽ സഞ്ചരിച്ച ഔദ്യോഗിക വാഹനം തടഞ്ഞുവച്ച് ഓട്ടോ തൊഴിലാളികൾ. ഓട്ടോറിക്ഷ തൊഴിലാളി വിരുദ്ധ നിലപാട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു മാർച്ച് നടത്തിയത്.
ഇന്നലെ രാവിലെ കാൽടെക്സിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് കോർപറേഷൻ ഓഫീസിനു മുന്നിൽ എത്തിയപ്പോഴായിരുന്നു സംഭവം. മേയർ കോർപറേഷനിലേക്ക് പ്രവേശിക്കുന്നതിനിടെ തൊഴിലാളികൾ ചേർന്ന് ഔദ്യോഗിക വാഹനം തടയുകയായിരുന്നു. തുടർന്ന് പോലീസും യൂണിയൻ നേതാക്കളും ഇടപെട്ടതോടെയാണ് ഓട്ടോ തൊഴിലാളികൾ പിന്മാറിയത്.
കോർപറേഷന് മുന്നിൽ പ്രകടനം പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിക്ഷേധ യോഗം സിഐടിയു ജില്ലാ കമ്മിറ്റിയംഗം കാടൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്ടിയു ജില്ലാ സെക്രട്ടറി എൻ. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. പാർക്കിംഗ് നിയന്ത്രണങ്ങൾ പിൻവലിക്കാണെമെന്ന് ആവശ്യപ്പെട്ട് സംയുക്ത യൂണിയൻ നേതാക്കൾ കോർപറേഷൻ അധികൃതർക്ക് നിവേദനം നൽകി. പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ അനശ്ചിതകാല സമരം ആരംഭിക്കുമെന്ന് തൊഴിലാളികൾ പറഞ്ഞു.