ആറളം ഫാം ഉദ്യോഗസ്ഥരുടെയും സ്ഥാപിത താത്പര്യക്കാരുടെയും കറവപ്പശു: കെ. രഞ്ജിത്ത്
1530926
Saturday, March 8, 2025 1:51 AM IST
ഇരിട്ടി: ആറളം ഫാമും പുനരധിവാസമേഖലയും ഏതാനും ഉദ്യോഗസ്ഥരുടെയും സ്ഥാപിത താത്പര്യക്കാരുടെയും കറവപ്പശുവായി മാറിയെന്നു ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്. ആറളം പുനരധിവാസ മേഖലയിലെ കാട്ടാന ആക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും കാണിക്കുന്ന അവഗണനക്കെതിരേ ബിജെപി പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളയംചാലിലെ ആറളം വന്യജീവി സങ്കേതം ഓഫിസ് മാർച്ചും ജനകീയ ഉപരോധവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏഷ്യയിൽ തന്നെ ഏറ്റവും വലിയ ഫാമായ ആറളം ഫാം കേന്ദ്രസർക്കാരിനു കീഴിൽ നല്ല ലാഭമുണ്ടാക്കി മുന്നോട്ടു പോയിരുന്നു. എന്നാൽ, മാസങ്ങളായി തൊഴിലാളികളുടെ ശമ്പളം മുടങ്ങിക്കിടക്കുന്ന ഫാം ഇന്ന് ആദിവാസി തൊഴിലാളികളുടെ കൂലികൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞു. ഫാം ഭൂമി എന്നന്നേക്കും നഷ്ടപ്പെടുന്ന നിലയിൽ സ്വകാര്യ ഏജൻസികൾക്കും വൻകിട മുതലാളിമാർക്കും തുച്ഛമായ തുകക്ക് ലീസിനു കൊടുക്കുന്ന നയമാണ് ഇപ്പോൾ ഫാം അധികാരികളും സർക്കാരും സ്വീകരിക്കുന്നത്.
പുനരധിവാസ മേഖലയിൽ ജീവിക്കുന്ന ആദിവാസികളുടെ ജീവന് ഒരു വിലയും അധികൃതർ കാണുന്നില്ല. ആദിവാസികളുടെ ജീവൻ വച്ചുകൊണ്ട് രാഷ്ട്രീയം കളിക്കാൻ അനുവദിക്കില്ലെന്നും രഞ്ജിത്ത് പറഞ്ഞു.
ബിജെപി ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി അധ്യക്ഷത വഹിച്ചു. ബിജെപി കണ്ണൂർ സൗത്ത് പ്രസിഡന്റ് ബിജു എളക്കുഴി, സി. രജീഷ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സമിതി അംഗം വി.വി. ചന്ദ്രൻ, കൂട്ട ജയപ്രകാശ്, പേരാവൂർ മണ്ഡലം പ്രസിഡന്റ് ബേബി സോജ, വി.എം. പ്രശോഭ്, പി. ചന്ദ്രൻ എന്നിവർ മാർച്ചിനും ഉപരോധത്തിനും നേതൃത്വം നൽകി.