വിദ്യാർഥികൾ ലഹരിക്കെതിരെയുള്ള അംബാസിഡർമാരാകണം: വൈസ് ചാൻസിലർ
1530931
Saturday, March 8, 2025 1:51 AM IST
ഇരിട്ടി: ലഹരി വസ്തുക്കൾ സമൂഹത്തെ കാർന്നെടുക്കുന്ന ഇന്നത്തെ കാലത്ത് ലഹരിക്കെതിരേ പോരാടേണ്ടത് സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമാകണമെന്നും വിദ്യാർഥികൾ അതിന്റെ അംബാസിഡർമാരായി മാറണമെന്നും കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ പ്രഫ. ഡോ. കെ.കെ. സാജു. സമൂഹത്തിൽ വിഷം കലർത്തുന്നവരായി യുവ തലമുറമാറരുതെന്നും നല്ല മനുഷ്യനാകാനുള്ള മത്സരത്തിന്റെ ഭാഗമാവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അങ്ങാടിക്കടവ് ഡോൺബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജിന്റെ ആനുവൽ മെരിറ്റ് ഡേ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വൈസ് ചാൻസിലർ.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് പ്രിൻസിപ്പൽ റവ. ഡോ. ഫ്രാൻസിസ് കാരക്കാട്ട് അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ റവ. ഡോ. ജോയ് ഉള്ളാട്ടിൽ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. സിന്റ കണ്ണേയ്ൻ, കെവിൻസൻ കുര്യൻ, കോളജ് അഡ്മിനിസ്ട്രർ ഫാ. ഫിഡേൽ, പിടിഎ വൈസ് ചെയർപേഴ്സൺ മഞ്ജു, അലുംമ്നി അസോസിയേഷൻ വൈസ് പ്രസിഡന്റ് ബിജു ജോൺ, കോളജ് യൂണിയൻ ചെയർപേഴ്സൺ അഭിനന്ദ് എന്നിവർ പ്രസംഗിച്ചു.
ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡന്റിനുള്ള 20000 രൂപയും ട്രോഫിയും പ്രശസ്തി പത്രവുമടങ്ങുന്ന ടി.ജെ. തോമസ് മറ്റത്തിലിന്റെ സ്മരണാർഥമുള്ള തനങ്ങാട്ട് അവാർഡിന് ബികോം കോർപറേഷൻ മൂന്നാം വർഷ വിദ്യാർഥിനി കെ.സി. വിസ്മയ അർഹയായി. എല്ലാ ബിരുദ ബിരുദാനന്തര വകുപ്പുകളിലെയും അവസാന വർഷ വിദ്യാർഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 14 പേർക്കുള്ള 5000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും വൈസ് ചാൻസിലർ സമ്മാനിച്ചു.വിവിധ രംഗങ്ങളിൽ മികവു പുലർത്തിയ 460 വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. കലപരിപാടികളും അരങ്ങേറി.