കേരള-കർണാടക ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചർച്ച നടത്തി
1530922
Saturday, March 8, 2025 1:51 AM IST
ഉളിക്കൽ: പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതമായ കേരള-കർണാടക അതിർത്തി ഗ്രാമമായ കാലാങ്കി ഇക്കോ ടൂറിസം സ്പോട്ടിന്റെ സാധ്യതകൾ പഠിക്കുന്നതിനും ടൂറിസം കേന്ദ്രത്തിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കേരള-കർണാടക ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘം സ്ഥലം സന്ദർശിച്ച് യോഗം ചേർന്നു. സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും ഇരു സംസ്ഥാനങ്ങളിലെയും വനംവകുപ്പ് ഉദ്യോഗസ്ഥരുമാണ് യോഗം ചേർന്നത്.
കാലാങ്കിയിലെ ഏറ്റവും മനോഹരമായ വ്യൂ പോയിന്റ് ഉൾപ്പെടെ ഒരു പകുതി കർണാകയുടെ വനമേഖലയാണ്. ഉളിക്കൽ പഞ്ചായത്തിന്റെ ഏക ടുറിസം സ്പോട്ട് ആയ കാലാങ്കിയുടെ ടൂറിസം വികസനം പൂർണമായും പൂർത്തിയാകണമെങ്കിൽ കർണാടകയുടെ വനമേഖലയിലെ ഒരു ഭാഗം കൂടി ടൂറിസം പോയിന്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
ഇതു സംബന്ധിച്ച കാര്യങ്ങളാണ് അന്തർസംസ്ഥാനതല യോഗം ചർച്ച ചെയ്തത്. നേരത്തെ സജീവ് ജോസഫ് എംഎൽഎ കർണാടക വനം മന്ത്രിയെ കണ്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള വിശദമായ പഠനത്തിനായാണ് കർണാടക ഡിഎഫ്ഒ എൻ.എച്ച്. ജഗനാഥിന്റെ നേതൃത്വത്തിലുള്ള സംഘം കാലാങ്കിയിൽ എത്തിയത്. കാലാങ്കി ടൂറിസം കമ്മിറ്റി ചെയർമാൻ തോമസ് വർഗീസ്, നെല്ലിക്കാംപൊയിൽ ഫൊറോന വികാരി ഫാ. ജോസഫ് കാവനാടി, ഉളിക്കൽ പഞ്ചായത്തംഗം ജോളി ഫിലിപ്പോസ്, തളിപ്പറമ്പ് റേഞ്ച് ഓഫിസർ പി.വി. സനൂപ് എന്നിവരുമായാണ് കർണാടക സംഘം ചർച്ച നടത്തിയത്.
കാലാങ്കിയിലുള്ള മൂന്ന് വ്യൂ പോയിന്റുളിൽ 50 മീറ്റർ ദൂരത്തിൽ സുരക്ഷ വേലി സ്ഥാപിക്കുക, മണ്ണാത്തിപ്പാറ, ഡോൾഫിൻ റോക്ക് തുടങ്ങിയ പോയിന്റുകളുടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുക, കർണാടക വനം വകുപ്പിനു കീഴിലുള്ള അഞ്ചു ഹെക്ടർ ഭൂമിയിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുക, പ്രദേശത്ത് വാച്ച് ടവർ നിർമിക്കുക എന്നീ കാര്യങ്ങൾ ചർച്ച ചെയ്തു.
കർണാടക വനം വകുപ്പിന്റെ സാങ്കേതിക അനുമതി ലഭിച്ച ശേഷം പദ്ധതിയുടെ വിശദമായ എസ്റ്റിമേറ്റ് തയാറാക്കുന്നതിനും തുടർനടപടികൾക്കുമായി ഉടൻ തന്നെ അടുത്ത യോഗം ചേരാനും തീരുമാനിച്ചു. ഫോറസ്റ്റർ എ.കെ. ബാലൻ, കെ.പി. മുകേഷ്, കർണാടക റേഞ്ച് ഓഫിസർ മാധവ ദസഗുഡഹി, ഫോറസ്റ്റർമാരായ ചന്ദ്രശേഖർ, കാവേരിയപ്പ, മാത്യു മറ്റത്തിനാനി, ദേവസ്യ കാളിമറ്റം ജോയി ചെക്കാത്തടം ജോജോ പാലക്കുടി, ഷാജി പൂപ്പള്ളി തുടങ്ങിയവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.