കൊട്ടത്തലച്ചി കുരിശുമല തീർഥാടനത്തിന് തുടക്കം
1530932
Saturday, March 8, 2025 1:52 AM IST
ചെറുപുഴ: കൊട്ടത്തലച്ചി കുരിശുമല തീർഥാടനത്തിന് തുടക്കമായി. പുളിങ്ങോം ചൂരപ്പടവിലെ കൊട്ടത്തലച്ചി മലയിലേയ്ക്ക് വലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്ചയും നടത്തി വരുന്ന മലകയറ്റമാണ് ഇന്നലെ ആരംഭിച്ചത്.
മൈലാടൂർ ജയിംസിന്റെ ഭവനത്തിന് സമീപമുള്ള ഗ്രോട്ടോയിൽ നിന്ന് രാവിലെ 6.45ന് ജപമാല റാലിയോടെ ആരംഭിച്ച മലകയറ്റം ആനക്കുഴിയിലെത്തി. അവിടെ നിന്നും കുരിശിന്റെ വഴിയായാണ് മല മുകളിലെത്തിയത്. മലമുകളിലെ കുരിശടിയിൽ വിശുദ്ധ കുർബാനയും നൊവേനയും നടന്നു. തിരുക്കർമങ്ങൾക്ക് ഇടവകാ വികാരി ഫാ. ആന്റണി മറ്റക്കോട്ടിൽ കാർമികത്വം വഹിച്ചു.
നോമ്പുകാലത്തെ എല്ലാ വെള്ളിയാഴ്ചയിലേയും ദുഖവെള്ളി, പുതുഞായർ എന്നീ ദിവസങ്ങളിലെ തിരുക്കർമങ്ങൾക്കായി ഇടവക വികാരിയുടെയും ഭരണസമിതിയുടെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.