മത്സരയോട്ടം: ബസിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം
Saturday, March 15, 2025 1:49 AM IST
കൊച്ചി: സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം. തോപ്പുംപടി മുണ്ടംവേലി കൈവേലിക്കകത്ത് മേരി സനിത (36)യാണു മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഭര്‍ത്താവ് ലോറന്‍സിന്റെ കാലിന് ഒടിവുണ്ട്. ഇദ്ദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ എറണാകുളം മേനക ബസ്സ്റ്റോപ്പിലായിരുന്നു അപകടം. തോപ്പുംപടി റൂട്ടിലോടുന്ന ‘സജിമോന്‍’എന്നുപേരുള്ള രണ്ട് ബസുകളാണ് അപകടമുണ്ടാക്കിയത്. ബ്രോഡ്വേയില് സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു ദമ്പതികള്‍.
ആദ്യമെത്തിയ ബസ് ഇവരെ ഓവര്‍ടേക്ക് ചെയ്തു ബസ്സ്റ്റോപ്പില്‍ നിര്‍ത്തി. ഇതോടെ ബൈക്ക് മുന്നോട്ടെടുക്കാനായി വീണ്ടും വലതുവശത്തേക്ക് തിരിച്ചപ്പോള്‍ രണ്ടാമത്തെ ബസ് അമിതവേഗതയിലെത്തി ഇവരെ ഇടിച്ചിടുകയായിരുന്നു. വലതുവശത്തേക്കു വീണ് ബസിനടിയില്‍പ്പെട്ട മേരി സനിതയെ മീറ്ററുകളോളം വലിച്ചിഴച്ചശേഷമാണു ബസ് നിര്‍ത്തിയത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇടതുവശത്തേക്കു വീണതിനാല്‍ ലോറന്‍സ് പരിക്കുകളോടെ രക്ഷപ്പെട്ടു. മേരി സനിതയുടെ സംസ്കാരം ഇന്നു വൈകുന്നേരം നാലിന് മുണ്ടംവേലി സെന്റ് ലൂയിസ് പള്ളിയില്‍.
ഡാര്വിന് ലോറന്‍സ് (പത്താം ക്ലാസ്), ദിയ ലോറന്‍സ് (എട്ടാം ക്ലാസ്) എന്നിവര്‍ മക്കളാണ്. രണ്ടു ബസുകളും എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ മരണത്തിനിടയാക്കിയ ബസിന്റെ ഡ്രൈവര്‍ക്കെതിരേ സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.