ക്ഷയബാധിതരില് അന്യസംസ്ഥാന തൊഴിലാളികളും; ചികിത്സ നല്കുന്നതില് പരിമിതി
Saturday, March 15, 2025 11:51 PM IST
റെജി ജോസഫ്
കോട്ടയം: കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളിലും ക്ഷയരോഗബാധിതരുണ്ടെന്ന് ആരോഗ്യവകുപ്പ്. അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശികളിലും രോഗവാഹകര്‍ പലരുണ്ട്. അന്തര്‍ദേശീയ തലത്തില്‍ ക്ഷയരോഗികളുടെ എണ്ണത്തിലും മരണത്തിലും ബംഗ്ലാദേശ് മുന്നിലാണ്.
ബംഗാള്‍, ഒഡീഷ സംസ്ഥാനക്കാര്‍ക്കാണ് കൂടിയ തോതില്‍ രോഗം കണ്ടെത്തിയിരിക്കുന്നത്. ലേബര്‍ ക്യാമ്പുകളില്‍ ഒരുമിച്ചു താമസിച്ച് കഞ്ചാവ്, പുകയില, ബീഡി എന്നിവ പതിവായി ഉപയോഗിക്കുന്നവരാണ് ഏറെപ്പേരും. അതിവേഗ രോഗവ്യാപനത്തിനും ഇത് കാരണമാണ്.
നൂറു ദിവസത്തെ ക്ഷയരോഗ (ടിബി) നിര്‍ണയ പരിപാടിയില്‍ 53 ലക്ഷം പേരെ പരിശോധിച്ചതില്‍ 5000 ക്ഷയ രോഗികളെ തിരിച്ചറിഞ്ഞു.
അന്യഭാഷാ തൊഴിലാളികളും അനധികൃത കുടിയേറ്റക്കാരും ഇതില്‍ ഉള്‍പ്പെടുന്നു. പതിവായി മാറിമാറി താമ സിക്കുന്നതിനാലും പകല്‍ തൊഴിലിടങ്ങളില്‍ കഴിയുന്നതിനാലും തൊഴിലാളികളിലെ ക്ഷയപരിശോധനയ്ക്ക് പരിമിതിയുണ്ട്.
ആരോഗ്യ വകുപ്പ് ഡിസംബര്‍ ഏഴിന് ആരംഭിച്ച കാമ്പയിനില്‍ 68,180 പേര്‍ക്ക് ടിബി സാധ്യതയും ലക്ഷണങ്ങളും കണ്ടെത്തി.
ഈ വിഭാഗത്തിലും അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം കുറവല്ല. 35 ശതമാനം ക്ഷയരോഗികളും പ്രമേഹ ബാധിതരുമാണ്. സംസ്ഥാനത്ത് 80 ശതമാനം സ്ക്രീനിംഗും മോളിക്യുലാര്‍ ടെസ്റ്റിംഗ് ഉപയോഗിച്ചാണ് നടത്തിയത്.
പോഷകാഹാരക്കുറവ് ചികിത്സാഫലത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകമായതിനാല്‍ ടിബി ബാധിതര്‍ക്ക് ഭക്ഷണ കിറ്റുകള്‍ നല്‍കാനാണ് തീരുമാനം. സഹകരിക്കാന്‍ നിരവധി സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്.
കൂടാതെ മാസം 1500 രൂപയുടെ ഭക്ഷ്യക്കിറ്റ് രോഗികള്‍ക്ക് നല്കാന് തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.എന്നാല്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുക പ്രായോഗികമല്ല. ക്ഷയ ബാധിതരായ ബംഗ്ലാദേശി കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനാണ് തീരുമാനം.
2023ല്‍ 5.44 ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചതില്‍ 21,582 പുതിയ ടിബി രോഗികളെയാണ് കണ്ടെത്തിയത്. നൂതന രോഗനിര്‍ണയ രീതിയും ചികിത്സയും നിലവിലുണ്ടായിരിക്കേയും സംസ്ഥാനത്ത് ഓരോ വര്‍ഷവും രണ്ടായിരം പേര് ക്ഷയരോഗത്താല്‍ മരിക്കുന്നു. ക്ഷയബാധിതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ക്ക് പ്രതിരോധ ചികിത്സ നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം.