5990 കോടി കടമെടുക്കാൻ കേരളത്തിന് അനുമതി
Saturday, March 15, 2025 1:49 AM IST
തിരുവനന്തപുരം: കേരളത്തിന് 5990 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. എന്നാൽ, വൈദ്യുതി പ്രസരണ-വിതരണ നഷ്ടം ഇനത്തിൽ കടമെടുക്കാൻ അനുമതിയുള്ള 6,000 കോടി രൂപയുടെ കാര്യത്തിൽ ഇനിയും കേന്ദ്രാനുമതി ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സാന്പത്തികവർഷാവസാനമായ മാർച്ചിലെ ചെലവുകൾ ക്രമീകരിക്കാനുള്ള തുകയ്ക്കായി ട്രഷറി നിക്ഷേപത്തിന്റെ ആനുപാതികമായി 8,000 കോടി രൂപ കടമെടുക്കാൻ അനുമതി തേടി കേരളം കേന്ദ്രത്തെ സമീപിച്ചിരുന്നു.
ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് 5990 കോടി രൂപ കടമെടുക്കാൻ അനുമതിയായത്. ധന അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകും ഡൽഹിയിലുണ്ട്.
സാന്പത്തികവർഷാവസാനമായ മാർച്ചിലെ ചെലവുകളായ പ്ലാൻ ഫണ്ടിൽനിന്നുള്ള തുക വിതരണം ചെയ്യുക, പൊതുമരാമത്ത് കരാറുകാരുടെ കുടിശിക കൊടുത്തു തീർക്കുക, ജൽ ജീവൻ മിഷൻ കുടിശിക കൊടുക്കുക എന്നിവയ്ക്കു പുറമേ കടം തിരിച്ചടവിന്റെ ഒരു ഗഡു മാർച്ചിൽ അടയ്ക്കേണ്ടതുമുണ്ട്. ഇതിന് മാത്രം 7,000 കോടി രൂപ വേണമെന്നാണു കണക്ക്. മാർച്ച് മാസത്തെ ശന്പളവും പെൻഷനും വിതരണം ചെയ്യാൻ 5500 കോടിയോളം രൂപ ആവശ്യമാണ്.
നിലവിലെ സാന്പത്തികവർഷം 41,525 കോടി രൂപയാണ് കടമെടുത്തത്. ഓണത്തിന്റെ ചെലവിനത്തിൽ 4,000 കോടി രൂപ അധികമായി കടമെടുക്കാൻ അനുമതി നൽകിയിരുന്നു. ഈ മാസം ട്രഷറി വരവും ഉയർന്നിട്ടുണ്ട്.
സാധാരണയായി മാർച്ച് മാസം 5,000 കോടി രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് 8,000 കോടിയായി ഉയർന്നു. പെട്രോൾ, ഡീസൽ, മദ്യം വില്പന നികുതി ഇനത്തിൽ ഈ മാസം കുടിശിക അടക്കം കൂടുതൽ തുക ഖജനാവിൽ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
ചരക്കുസേവന നികുതിയുടെ കുടിശിക ഇനത്തിൽ കേന്ദ്രത്തിൽ നിന്നു കൂടുതൽ തുക ലഭിക്കും. 20,000 കോടി രൂപയെങ്കിലുമുണ്ടെങ്കിലേ മാർച്ചിലെ ചെലവുകൾ സർക്കാരിന് കൈകാര്യം ചെയ്യാനാകൂ.