മത്സ്യത്തൊഴിലാളി കുടുംബത്തിൽ ഒരാൾക്ക് തൊഴിൽ ഉറപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ
Saturday, March 15, 2025 11:51 PM IST
വൈപ്പിൻ: മത്സ്യത്തൊഴിലാളി കുടുംബത്തിലെ ഒരാൾക്ക് മത്സ്യബന്ധനമല്ലാത്ത മേഖലയിൽ ജോലി ലഭ്യമാക്കുമെന്ന് മന്ത്രി സജി ചെറിയാൻ.
തൊഴിൽതീരം കരിയർ കാറ്റലിസ്റ്റ് പ്രോഗ്രാം നൈപുണ്യ പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാനം കുഴുപ്പിള്ളിയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളിലെ അഭ്യസ്തവിദ്യരെ നൈപുണ്യ പരിശീലനത്തിലൂടെ തൊഴിലുകളിലേക്ക് എത്തിക്കുന്നതിന് മത്സ്യബന്ധന വകുപ്പും കേരള നോളജ് ഇക്കണോമി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് തൊഴിൽ തീരം കരിയർ കാറ്റലിസ്റ്റ് പ്രോഗ്രാം.
നിലവിൽ 36000ത്തിലധികം തൊഴിലന്വേഷകർ തൊഴിൽതീരം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 46 നിയോജകമണ്ഡലങ്ങളിലും ‘കരിയർ കാറ്റലിസ്റ്റ് പ്രോഗ്രാം’ എന്നപേരിൽ പരിശീലനം സംഘടിപ്പിക്കും. അഭ്യസ്തവിദ്യരായ ഉദ്യോഗാർഥികളുടെ സ്കിൽ ഗ്യാപ് അനാലിസിസ്, ഓറിയന്റേഷൻ, ഗ്രൂപ്പ് ഡിസ്കഷൻ, മോക്ക് ഇന്റർവ്യു, കരിയർ ഗൈഡൻസ് ഉൾപ്പെടെ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പരിശീലനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ പി.എസ്. ശ്രീകല മുഖ്യപ്രഭാഷണം നടത്തി.