നെല്ല് സബ്സിഡി: 352.5 കോടി അനുവദിച്ചു
Saturday, March 15, 2025 1:49 AM IST
തിരുവനന്തപുരം: കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ സബ്സിഡി ഇനത്തിൽ 352.50 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
നെല്ലുസംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷനാണ് തുക അനുവദിച്ചത്. ഈ സാന്പത്തിക വർഷം നേരത്തേ രണ്ടു തവണയായി 225 കോടി രൂപയും അനുവദിച്ചിരുന്നു. ഇതോടെ നെല്ല് സംഭരണത്തിന് ബജറ്റിൽ വകയിരുത്തിയ 577.50 കോടി രൂപയും അനുവദിച്ചതായി മന്ത്രി പറഞ്ഞു.
നെല്ല് സംഭരണത്തിനുള്ള കേന്ദ്രസർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തരമായി തുക ലഭ്യമാക്കിയത്. കേന്ദ്രത്തിന്റെ താങ്ങുവില, ചരക്കുകൂലി സഹായത്തിൽ 835 കോടി രൂപ കുടിശികയാണ്. 2017 മുതലുള്ള കുടിശിക തുകയാണിത്.
കേന്ദ്രസർക്കാർ വിഹിതത്തിന് കാത്തുനിൽക്കാതെ, നെല്ല് സംഭരിക്കുന്പോൾ തന്നെ കർഷകർക്ക് വില നൽകുന്നതാണ് കേരളത്തിലെ രീതി. സംസ്ഥാന സബ്സിഡിയും ഉറപ്പാക്കി നെല്ലിന് ഉയർന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണെന്നു മന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ താങ്ങുവില നൽകുന്പോൾ മാത്രമാണ് കർഷകന് നെല്ലുവില ലഭിക്കുന്നത്.
കേരളത്തിൽ പിആർഎസ് വായ്പാപദ്ധതിയിൽ കർഷകന് നെല്ലുവില ബാങ്കിൽ നിന്ന് ലഭിക്കും.പലിശയും മുതലും ചേർത്തുള്ള വായ്പാ തിരിച്ചടവ് സംസ്ഥാനം വഹിക്കും. കർഷകന് നൽകുന്ന ഉത്പാദന ബോണസിന്റെയും വായ്പാ പലിശയുടെയും ബാധ്യത സംസ്ഥാനമാണ് തീർക്കുന്നത്. നെല്ല് ഏറ്റെടുത്താലുടൻ കർഷകനു വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. വായ്പാ ബാധ്യത കർഷകന് ഏറ്റെടുക്കേണ്ടിവരില്ലെന്നും മന്ത്രി പറഞ്ഞു.