വർക്കലയിൽ പിടിയിലായ ലിത്വാനിയൻ പൗരൻ തട്ടിയെടുത്തത് എട്ടു ലക്ഷം കോടി രൂപ!
Saturday, March 15, 2025 1:49 AM IST
തിരുവനന്തപുരം: വർക്കലയിൽനിന്നും പോലീസ് അറസ്റ്റ് ചെയ്ത അന്താരാഷ്ട്ര കുറ്റവാളി ലിത്വാനിയൻ പൗരൻ അലക്സി ബേസിയൊക്കൊ (46) തട്ടിയെടുത്തത് എട്ടു ലക്ഷം കോടി രൂപയെന്ന് പോലീസ്.
സിബിഐ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേരള പോലീസ് വിദഗ്ധമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതിയെ പിടികൂടാൻ സാധിച്ചതെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം വ്യക്തമാക്കി. അമേരിക്കൻ കോടതിയുടെ ഉൾപ്പെടെ നിരവധി വാറന്റുകൾ നിലനിൽക്കുന്ന കുപ്രസിദ്ധ സാന്പത്തിക കുറ്റവാളിയാണ് പ്രതിയെന്ന് ഡിഐജി പറഞ്ഞു.
ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് ഇയാൾ ഒളിവിൽ താമസിച്ച് വരികയായിരുന്നു. വർക്കലയിലെ ഹോം സ്റ്റേയിൽ കഴിഞ്ഞ അഞ്ച് വർഷമായി ഇയാൾ വർഷത്തിൽ രണ്ട് തവണ വീതം താമസിച്ച് വരികയായിരുന്നു. ഒരു വർഷത്തേക്ക് ഹോം സ്റ്റേ ഉടമയ്ക്ക് അഞ്ചു ലക്ഷം രൂപ വാടക നൽകിയിരുന്നുവെന്നും ഡിഐജി പറഞ്ഞു.
സിബിഐയിൽനിന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിന് വിവരം ലഭിക്കുകയും ഈ വിവരം പോലീസിന് കൈമാറുകയും ചെയ്തതോടെയാണ് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് പ്രതിയെ നിരീക്ഷിച്ച് പിടികൂടിയത്.
ക്രിപ്റ്റോ കറൻസി കൈമാറ്റത്തിലൂടെ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിലൂടെയാണ് ഇയാൾ അനധികൃതമായി പണം തട്ടിയെടുത്തിരുന്നത്.
തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിയെ പ്രൊഡക്ഷൻ വാറന്റ് ലഭിച്ച ശേഷം ഡൽഹി സിബിഐ കോടതിയിൽ ഹാജരാക്കുമെന്ന് ഡിഐജി പറഞ്ഞു.