അട്ടപ്പാടിയിൽ ഷോക്കേറ്റ് തൊഴിലാളി മരിച്ചു
Sunday, March 16, 2025 1:33 AM IST
അഗളി: കെഎസ്ഇബി കോട്ടത്തറ സെക്ഷനിൽ ചീരക്കടവ് തോപ്പുകാട് പ്രദേശത്ത് വൈദ്യുതി ലൈനിൽ ജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളി ഷോക്കേറ്റു മരിച്ചു. അഗളി നെല്ലിപ്പതിയിൽ മുരുകന്റെ മകൻ നെഞ്ചൻ(53)ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ജോലിയിൽ ഏർപ്പെട്ടിരുന്ന ഏഴുപേർക്കു ഷോക്കേറ്റു. മരിച്ച നെഞ്ചന്റെ മകൻ വേരുസ്വാമി (30), കോട്ടത്തറ സ്വദേശി പ്രവീൺ (35) എന്നിവർ അഗളി സർക്കാർ ആശുപത്രിയിൽ ഒബ്സർവേഷനിലാണ്.
ചീരക്കടവിൽ തോപ്പുകാട് പ്രദേശത്ത് എച്ച്ടിയിലായിരുന്നു ജോലി നടന്നുകൊണ്ടിരുന്നത്. ജോലി പൂർത്തിയാക്കി ലൈൻ ചാർജ് ചെയ്തശേഷം പോസ്റ്റിന്റെ ചെരിവ് നിവർത്തുന്നതിനിടെയാണ് ഷോക്കേറ്റതെന്നു പറയുന്നു.
സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. മൃതദേഹം അഗളി സർക്കാർ ആശുപത്രി മോർച്ചറിയിൽ. നഞ്ചന്റെ മാതാവ് നഞ്ചി. ഭാര്യ: ലക്ഷ്മി. മക്കൾ: സുമതി, മേസ്വാമി. മരുമകൻ: സിജിൻ.