കൊക്കോസംഭരണത്തിൽനിന്നു കന്പനികൾ പിൻവാങ്ങി; കർഷകർക്ക് വൻ തിരിച്ചടി
Sunday, March 16, 2025 1:33 AM IST
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: സംസ്ഥാനത്ത് കൊക്കോ സംഭരണത്തിൽനിന്നു കന്പനികൾ ഒന്നടങ്കം പിൻവാങ്ങിയതോടെ ഉത്പന്നം വിൽക്കാനാകാതെ കർഷകർ വൻ പ്രതിസന്ധിയിൽ. ഇതോടെ വിലയും കൂപ്പുകുത്തി. വ്യാപാരികൾ പറയുന്ന വിലയ്ക്ക് ഉത്പന്നം വിറ്റഴിക്കേണ്ട ഗതികേടിലാണ് കൊക്കോ കർഷകർ.
രണ്ടാഴ്ച മുന്പുവരെ കിലോയ്ക്ക് 650-700 രൂപ വരെവില ലഭിച്ചിരുന്നെങ്കിൽ ഇന്നലെ 400-450 തോതിലേക്ക് വില താഴ്ന്നു. കാംകോ, കാഡ്ബറി, ഡിപി ചോക്ലേറ്റ് തുടങ്ങിയ സ്വകാര്യ കന്പനികളാണ് കേരളത്തിൽനിന്നു കൂടുതലായും കൊക്കോ സംഭരിക്കുന്നത്. നിലവിൽ വിപണിയിലെത്തുന്ന കൊക്കോബീൻസിന് ഗുണനിലവാരം ഇല്ലെന്ന കാരണത്താലാണ് വെള്ളിയാഴ്ചമുതൽ കന്പനികൾ സംഭരണം നിർത്തിവച്ചിരിക്കുന്നത്. ഇവർ സംഭരണം പുനരാരംഭിച്ചില്ലെങ്കിൽ വീണ്ടും വിലയിടിയാനാണ് സാധ്യത.
ഏതാനും ദിവസങ്ങളായി വിപണിയിലേക്ക് കോക്കോബീൻസ് കൂടുതലായി എത്തിത്തുടങ്ങിയിരുന്നു. ഹൈറേഞ്ച്മേഖലയിൽ അണ്ണാൻ, മരപ്പട്ടി, മലയണ്ണാൻ, കുരങ്ങ് എന്നിവയുടെ ശല്യം സമീപനാളിൽ വർധിച്ചിട്ടുണ്ട്. ഇതുമൂലം കർഷകർ മൂപ്പെത്താറായ കൊക്കോ കായകൾ പറിച്ചെടുത്ത് ഉണങ്ങി വിപണിയിലെത്തിക്കുന്ന സാഹചര്യമാണുള്ളത്. ഇതു വാങ്ങി പ്രോസസിംഗ് നടത്തുന്പോൾ ലഭിക്കേണ്ട ഗുണനിലവാരം ഇല്ലാതെ പോകുകയും ചോക്ലേറ്റിന്റെ യഥാർഥ കളർ ലഭിക്കാതെ പോകുകയും ചെയ്യുന്നതുമൂലം തങ്ങളുടെ വിപണനത്തെ സാരമായി ബാധിക്കുന്നതായി കന്പനി അധികൃതർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം വിലയിടിക്കാനുള്ള തന്ത്രമാണ് വിപണിയിൽ നിന്നു കന്പനികൾ കൂട്ടത്തോടെ പിൻവാങ്ങാൻ കാരണമെന്നാണ് കർഷകർ ആരോപിക്കുന്നത്. നേരത്തേ അന്താരാഷ്ട്ര വിപണിയിൽ ക്വിന്റലിന് 3000-3500 ഡോളറായിരുന്നു ശരാശരി വില.
പിന്നീട് വില കുതിച്ചുയരുകയും 10,000 ഡോളർ വരെ ഒരുഘട്ടത്തിൽ എത്തുകയും ചെയ്തു. ഈസമയം സംസ്ഥാനത്തും വില കുതിച്ചുയർന്നിരുന്നു. കിലോയ്ക്ക് 1000 രൂപയ്ക്കു മുകളിൽ വില എത്തുകയും ചെയ്തു. കഴിഞ്ഞയാഴ്ച 8,500 ഡോളറായിരുന്നു അന്താരാഷ്ട്ര വിലയെങ്കിൽ ഇന്നലെയിത് 7,888 ഡോളറിലേക്ക് താഴ്ന്നു.
നിലവിലെ വിലയനുസരിച്ച് സംസ്ഥാനത്ത് ഒരു കിലോ ഉണക്ക കൊക്കോയ്ക്ക് കിലോയ്ക്ക് 750-850 രൂപ വരെ ലഭിക്കേണ്ടതാണ്. എന്നാൽ, ഇതിന്റെ പകുതിപോലും വില ലഭിക്കാത്ത സാഹചര്യമാണ് നിലവിൽ.
ആന്ധ്രപ്രദേശിൽ സീസണ് ആരംഭിച്ചതും കേരളത്തിലെ കൊക്കോ കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്. വിലയിടിഞ്ഞതോടെ കൊക്കോബീൻസ് ഉണങ്ങി സൂക്ഷിച്ചുവയ്ക്കാനുള്ള ശ്രമത്തിലാണ് ഇവിടത്തെ കർഷകർ.
അതേസമയം, കന്പനികൾ വിപണിയിൽ നിന്നു തുടർച്ചയായി വിട്ടുനിൽക്കുന്ന സാഹചര്യമുണ്ടായാൽ സംസ്ഥാനത്തെ കൊക്കോ കർഷകർ വൻ പ്രതിസന്ധിയിലാകും.