രാജപാത വീണ്ടെടുക്കാൻ ജനമുന്നേറ്റ യാത്ര ഇന്ന്
Sunday, March 16, 2025 1:33 AM IST
കോതമംഗലം: പഴയ ആലുവ- മൂന്നാര്‍ രാജപാത സഞ്ചാരയോഗ്യമാക്കി തുറന്നു നൽകണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ ഇന്ന് ജനമുന്നേറ്റ യാത്ര നടക്കും.
പൂയംകുട്ടിയിൽനിന്നു രാജപാതയിലൂടെ നടത്തുന്ന യാത്രയിൽ കോതമംഗലം രൂപതയുടെ മുൻ അധ്യക്ഷൻ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ പങ്കെടുക്കും. നേരത്തേ രാജപാതയിലൂടെ യാത്ര ചെയ്തതിന്റെ അനുഭവങ്ങൾ അദ്ദേഹം പങ്കുവയ്ക്കും.
മാർ പുന്നക്കോട്ടിൽ രാജപാതയിലൂടെ (ആലുവ - മൂന്നാർ റോഡിലൂടെ) പഴയ കാലത്ത് അജപാലനപ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി തവണ മാങ്കുളം, ആനക്കുളം ഇടവകകളിലേക്ക് ജീപ്പിൽ യാത്ര ചെയ്തിരുന്നു.
പഴയ രാജപാതയിലൂടെ നടത്തുന്ന യാത്രയിൽ ജില്ലയിലെ എംഎൽഎമാർ, തദ്ദേശസ്ഥാപന ജനപ്രതിനിധികൾ, വിവിധ മത-സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ, വിവിധ ക്ലബ്ബുകൾ, സന്നദ്ധപ്രവർത്തകർ എന്നിവർ പങ്കെടുക്കും. കുട്ടമ്പുഴ, കീരംപാറ പഞ്ചായത്തുകളിലെ മുഴുവൻ ഇടവകകളിൽനിന്നുള്ള അംഗങ്ങൾ യാത്രയിൽ പങ്കെടുക്കും.
നിലവിലെ സാഹചര്യത്തില്‍ ആലുവ- മൂന്നാര്‍ രാജപാത സഞ്ചാരയോഗ്യമാക്കണമെന്നത് ഈ പ്രദേശത്തിന്റെ ദീർഘകാലമായുള്ള ആവശ്യമാണ്. നിലവിലുള്ള ആലുവ- മൂന്നാര്‍ റോഡിനേക്കാള്‍ 25ല്‍ അധികം കിലോമീറ്റര്‍ ദൂരം കുറവുള്ള രാജപാത കൊടുംവളവുകളോ കുത്തനേയുള്ള കയറ്റങ്ങളോ ഇല്ലാത്ത പാതയാണ്.