കൈയേറ്റക്കാർക്കു നേരേ ദാക്ഷിണ്യമില്ലാതെ നടപടി: മന്ത്രി കെ. രാജൻ
Sunday, March 16, 2025 1:33 AM IST
തൃശൂർ: ഇടുക്കി ചൊക്രമുടിയിലെയും പരുന്തുംപാറയിലെയും കൈയേറ്റങ്ങൾ നിയമവ്യവസ്ഥകൾ പാലിച്ച് ഒഴിപ്പിക്കുമെന്നും കൈയേറ്റം നടത്തുന്നത് എത്ര ഉന്നതനായാലും സർക്കാർ ഒരു ദാക്ഷിണ്യവും കാണിക്കില്ലെന്നും മന്ത്രി കെ. രാജൻ.
ഭൂമി അനുവദിച്ചുനൽകിയാൽ 1964ലെ ചട്ടപ്രകാരം ഒരു വർഷത്തിനകം ഉപയോഗിക്കണം. ഇതു ലംഘിച്ചതിനാലാണ് ചൊക്രമുടിയിലെ നാലു പട്ടയങ്ങൾ റദ്ദാക്കിയത്. അഞ്ചു പട്ടയങ്ങളിൽ നാലെണ്ണംമാത്രം റദ്ദാക്കിയതു നടപടിക്രമങ്ങളുടെ ഭാഗമായാണ്.
കൃത്രിമരേഖകൾ ചമച്ചവർക്കെതിരേയും സഹായിച്ചവർക്കെതിരേയും ക്രിമിനൽ കേസ് നടപടികൾ സ്വീകരിക്കാൻ ദേവികുളം സബ് കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ചൊക്രമുടി കൈയേറ്റത്തിൽ സർക്കാർ നടപടികൾ വൈകിയെന്നു പറയാനാകില്ല. എന്തെങ്കിലും കേട്ടാലുടൻ ഭൂമി റദ്ദാക്കാനാകില്ല. അവർക്കും അവകാശങ്ങളുണ്ട്. അതുകൂടി കേട്ടശേഷമേ പഴുതടച്ചു നടപടിയെടുക്കാനാകൂവെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
കൈയേറ്റം കണ്ടെത്താൻ ആർപികെ പോലുള്ള വിപുലമായ സൗകര്യങ്ങളോടെ ഭൂമി അളന്നുതിട്ടപ്പെടുത്തും. സർവേ നടപടികൾ പൂർത്തീകരിക്കാൻ സർക്കാർ സംവിധാനങ്ങൾ മതിയാകാത്തതിനാലാണു കൂടുതൽ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു.