അമ്മയെന്ന ശിഷ്യ
Sunday, March 16, 2025 1:33 AM IST
ഷിജി ജോൺസൺ
നെഞ്ചിൽ നിർദാക്ഷ്യണ്യം വന്നടിക്കുന്ന ആധിയുടെ തിരമാലകളുമായി ഒരമ്മ വത്സലപുത്രന്റെ പീഡാനുഭവങ്ങൾക്കു സാക്ഷ്യം വഹിക്കുന്നു.
ദൈവപുത്രനായ തന്റെ മകൻ ആരെ രക്ഷിക്കാൻ എത്തിയോ അതേ ജനത്താൽ തിരസ്കരിക്കപ്പെടുന്പോഴും മകന്റെ പൂമേനി ചാട്ടവാർ അടിയേറ്റ് പുളയുന്പോഴും ഭാരമേറിയ കുരിശു താങ്ങാനാവാതെ അവൻ വീഴുന്പോഴും കൈകാലുകൾ കുരിശിലേക്കു ചേർത്ത് ആണികളാൽ തറയ്ക്കപ്പെടുന്പോഴും ആ അമ്മ കടന്നുപോകുന്ന മനോവേദന വാക്കുകൾക്ക് അതീതമാണ്.
40-ാം ദിവസം ശിശുവിനെ ദേവാലയത്തിൽ കാഴ്ചവച്ചപ്പോൾ ശിമയോൻ പറഞ്ഞ പ്രവചന വാക്യം," നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ കടന്നു പോകും...' എന്നത് അമ്മയുടെ മനസിലൂടെ കടന്നുപോയിട്ടുണ്ടാകും. പീഡാനുഭവയാത്രയ്ക്ക് ഇടയിൽ അമ്മയും മകനും കണ്ടുമുട്ടുന്പോൾ രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്ന രംഗമുണ്ട്. തങ്ങൾ അനുഭവിക്കുന്ന തീവ്രവേദന പരസ്പരം മനസിലാക്കുന്നതിന്റെ ഒരു നിശബ്ദഭാഷ അവർക്കിടയിലുണ്ടായിരുന്നു. ഒറ്റ വാക്യം ചുരുളഴിഞ്ഞ് ഒരു ദുഃഖകാവ്യമായി തീരുന്നതുപോലെ...
കുരിശിൻ ചുവട്ടിൽ
ദൈവിക പദ്ധതിയിൽ വിശ്വസിച്ചു പ്രാർഥനയോടെ കുരിശിന്റെ ചുവട്ടിൽ, ദീർഘനേരം നിലയുറപ്പിക്കുന്പോഴും ഇത്രയും ഭീകരമായ മരണമാണോ അത്യുന്നതനായ ദൈവം തന്റെ ഏകജാതനു നൽകിയത് എന്ന ആകുലത ഒരുവേള അമ്മയുടെ മനസിൽ നിറഞ്ഞിട്ടുണ്ടാകും. അമ്മയും മകനും തമ്മിലുള്ള ദൃഢമായ സ്നേഹബന്ധത്തിന്റെ പ്രതീകമായിട്ടായിരിക്കാം താൻ സ്നേഹിച്ചിരുന്ന ശിഷ്യനോട്, "ഇതാ നിന്റെ അമ്മയെന്നും അമ്മയോട് ഇതാ നിന്റെ മകനെന്നും' യേശു അന്യോന്യം ഭരമേൽപ്പിച്ചത്. മറിയം ക്രിസ്തുവിന്റെ കുരിശിൻ ചുവട്ടിൽ നിന്നത് യേശുവിന്റെ അമ്മ എന്ന നിലയിൽ മാത്രമല്ല, രക്ഷാകര ചരിത്രം പൂർത്തിയാകുന്നതുവരെ വിശ്വസ്തതയോടെ ക്രിസ്തുവിനെ അനുഗമിച്ച ശിഷ്യ എന്ന നിലയിൽകൂടിയായിരുന്നു. യേശുക്രിസ്തു വിശ്വാസികളേവർക്കുമായി സ്വന്തം അമ്മയെത്തന്നെ മധ്യസ്ഥയായി തരികയായിരുന്നു.
ചേർന്നുനിൽക്കാൻ
പ്രാർഥിച്ചിട്ടും നല്ല ജീവിതം നയിച്ചിട്ടും ദൈവമേ എനിക്ക് എന്തിനീ ഈ ദുഃഖങ്ങൾ എന്ന പരാതി ഉള്ളിൽ നിറയുന്പോൾ മറിയം എന്ന അമ്മയാകട്ടേ നമ്മുടെ മാതൃക. മറിയത്തെപ്പോലെ നമുക്കു ദൈവിക പദ്ധതികളിൽ ഉറച്ചു വിശ്വസിക്കാൻ സാധിക്കണം. രക്ഷാകര സംഭവങ്ങൾക്കു ശേഷം പരിശുദ്ധ അമ്മ ശിഷ്യഗണങ്ങളെ ചേർത്തു നിർത്തിയതുപോലെ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങളോടു ചേർന്നു നിൽക്കാനും നമുക്കു കഴിയണം.