മുക്കൂട്ടുതറയിൽ ബൈക്ക് യാത്രികനായ വിദ്യാർഥിയെ കാട്ടുപന്നി ആക്രമിച്ചു
Saturday, March 15, 2025 11:51 PM IST
മുക്കൂട്ടുതറ: കോളജിൽനിന്നു വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്.
കൂവപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജ് വിദ്യാർഥി മുക്കൂട്ടുതറ മന്ദിരംപടി കരോട്ടുപുതിയത്ത് സെബിൻ സജിയാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്. ലോകത്തിലെ ഏറ്റവും ചെറിയ വാഷിംഗ് മെഷീൻ നിർമിച്ചതിന്റെ പേരിൽ ഗിന്നസ് റിക്കാർഡ് നേടിയ വിദ്യാർഥിയാണ് സെബിൻ സജി.
വെള്ളിയാഴ്ച രാത്രിയിൽ മുക്കൂട്ടുതറ - ഇടകടത്തി റോഡിൽ മന്ദിരംപടിക്ക് സമീപത്തായിരുന്നുസംഭവം. പാഞ്ഞെത്തിയ കാട്ടുപന്നി ബൈക്ക് കുത്തിമറിച്ചു വീഴ്ത്തുകയായിരുന്നു. ബൈക്ക് നിയന്ത്രണം തെറ്റി റോഡരികിലെ കയ്യാലയിൽ ഇടിച്ചു മറിഞ്ഞു വീണ സെബിന് കൈയിലും കാലുകളിലും മുറിവേറ്റു.
ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട സെബിൻ നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. പന്നിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിനും പഞ്ചായത്ത് അധികൃതർക്കും പോലീസിനും പരാതി നൽകുമെന്നു സെബിൻ പറഞ്ഞു.
പന്നിയെ കൊല്ലാൻ നടപടി
കാട്ടുപന്നിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തെ തുടർന്ന് പന്നിയെ വെടിവച്ചു കൊല്ലാൻ നിർദേശം നൽകിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി പറഞ്ഞു. വനം വകുപ്പുമായി ചേർന്ന് പന്നിയെ കണ്ടെത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു.
വെടിവച്ചു കൊല്ലാൻ സജോ റെഡി
ഉപദ്രവകാരികളായ കാട്ടുപന്നികളെ കൊല്ലാൻ സഹായം വാഗ്ദാനം ചെയ്ത് കണമല സ്വദേശി സജോ വർഗീസ്. ലൈസൻസ് ഉള്ള തോക്ക് സ്വന്തമായുള്ള സജോ എരുമേലി പഞ്ചായത്തിൽ പന്നികളെ കൊല്ലാൻ ചുമതല ലഭിച്ചയാളാണ്.
പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും നിർദേശപ്രകാരം ഇതിനോടകം നിരവധി കാട്ടുപന്നികളെ വെടിവച്ചു കൊന്നിട്ടുണ്ട്. സഹായം ആവശ്യമായവർ തന്റെ ഫോൺ നമ്പറിൽ വിളിച്ചാൽ മതിയെന്ന് സജോ പറഞ്ഞു. 9846216858, 6235216858.